ദോഹ : ഖത്തറിലെ ഇന്ത്യൻ ചെറുകിട, ഇടത്തരം സംരംഭങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള സജീവമായ ഒരു ‘പാലമായി’ മാറുന്നുവെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി ചാർജ് -ഡി അഫയേഴ്സ് സന്ദീപ് കുമാർ വ്യക്തമാക്കി. നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിൽ ചെറുകിട – ഇടത്തരം സ്ഥാപനങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലാലു ഹൈപ്പർമാർക്കറ്റ് അൽ ഗരാഫയിൽ സംഘടിപ്പിച്ച ‘ഇന്ത്യ ഉത്സവ് 2026’ ആഘോഷങ്ങളിൽ സംസാരിക്കവെയാണ് സന്ദീപ് കുമാർ ഇക്കാര്യം ഊന്നിപ്പറഞ്ഞത്. “ഖത്തറിൽ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലോ മേൽനോട്ടത്തിലോ ഉള്ള ഇരുപതിനായിരത്തിലധികം കമ്പനികളുണ്ട്. ലക്ഷ്യങ്ങൾ യാഥാർത്ഥ്യത്തിലേക്ക് എത്തിക്കാൻ സഹായിക്കുന്ന യഥാർത്ഥ ‘ലിവിങ് ബ്രിഡ്ജുകൾ’ (ജീവിക്കുന്ന പാലങ്ങൾ) ഇവയാണ്,” അദ്ദേഹം പറഞ്ഞു.
ഖത്തറിലെ സ്വകാര്യ മേഖലയുമായി ചേർന്നുപ്രവർത്തിക്കുന്ന ഈ കമ്പനികൾ, ഇന്ത്യയുടെ ദീർഘകാല വളർച്ചയ്ക്ക് അനുയോജ്യമായ പദ്ധതികളിലേക്ക് ഖത്തർ പ്രഖ്യാപിച്ച 10 ബില്യൺ ഡോളറിന്റെ നിക്ഷേപം വഴിതിരിച്ചുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
”ഇന്ത്യയിൽ ഏകദേശം 10 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ഖത്തർ സൂചിപ്പിച്ചിട്ടുണ്ട്. ഇത് പരസ്പര ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള വലിയ അവസരങ്ങളെയും അനുകൂല സാഹചര്യങ്ങളെയും കാണിക്കുന്നു. ഈ നിക്ഷേപം കാര്യക്ഷമമായി നടപ്പിലാക്കാൻ ഇരുഭാഗത്തുനിന്നുമുള്ള സഹകരണം അത്യാവശ്യമാണ്,” കുമാർ വ്യക്തമാക്കി.
2047-ൽ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി ആഘോഷിക്കുമ്പോഴേക്കും ഇന്ത്യയെ ഒരു വികസിത സമ്പദ്വ്യവസ്ഥയാക്കി മാറ്റാനുള്ള ‘വികസിത് ഭാരത് 2047′ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ഈ പ്രാധാന്യം നൽകുന്നത്. ഉന്നതതല പ്രഖ്യാപനങ്ങൾ പ്രായോഗിക ബിസിനസ്സ് പ്രവർത്തനങ്ങളാക്കി മാറ്റാൻ ഖത്തറിലെ ഇന്ത്യൻ കമ്പനികൾക്ക് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ ജനസംഖ്യയുടെ 65 ശതമാനവും 35 വയസ്സിന് താഴെയുള്ളവരാണെന്നതും സമ്പദ്വ്യവസ്ഥയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിക്കുന്നതും രാജ്യത്തിന്റെ നവീകരണത്തിനും പ്രതിരോധശേഷിക്കും കരുത്തേകുന്നുണ്ടെന്നും സന്ദീപ് കുമാർ അറിയിച്ചു.
ആഗോള ഡിജിറ്റൽ ഇടപാടുകളുടെ പകുതിയിലധികവും ഇപ്പോൾ ഇന്ത്യയിലാണ് നടക്കുന്നത്. “ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറുകളിൽ ഒന്നാണ് നമ്മൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ലോകത്തിലെ ആകെ ഡിജിറ്റൽ ഇടപാടുകളുടെ 50 ശതമാനത്തിലധികവും ഇന്ത്യയിലാണ് നടക്കുന്നതെന്ന് പങ്കുവെക്കുന്നതിൽ എനിക്ക് വലിയ സന്തോഷവും അഭിമാനവുമുണ്ട്,” സന്ദീപ് കുമാർ വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്ചെയിൻ തുടങ്ങിയ പുതിയ സാങ്കേതികവിദ്യകളുടെ ഉത്തരവാദിത്തമുള്ള ഉപയോഗവും സവിശേഷമായ സഹകരണ മേഖലകളായി അദ്ദേഹം ചൂണ്ടിക്കാട്ടി.
’ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026’ ഇതിനൊരു ഉദാഹരണമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വാക്കുകളിൽ മാത്രമല്ല പ്രവൃത്തിയിലും പുതിയ സാങ്കേതികവിദ്യകളെ ഇന്ത്യ സ്വീകരിക്കുന്നുണ്ടെന്ന് കൂട്ടിച്ചേർത്തു.

ഖത്തർ നാഷണൽ വിഷൻ 2030-ന് കീഴിലുള്ള സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികൾ ഇന്ത്യയുടെ വികസന ലക്ഷ്യങ്ങളുമായി ചേർന്നുപോകുന്നവയാണ്. അഡ്വാൻസ്ഡ് മാനുഫാക്ചറിങ്, സെമികണ്ടക്ടറുകൾ, ലോജിസ്റ്റിക്സ്, ഭക്ഷ്യസുരക്ഷ, ഇൻഫ്രാസ്ട്രക്ചർ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണ സാധ്യതകൾ തേടുന്നുണ്ട്.
ഉന്നതതല സന്ദർശനങ്ങൾ ഉഭയകക്ഷി ബന്ധത്തെ തന്ത്രപ്രധാനമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയിട്ടുണ്ടെന്ന് കുമാർ ചൂണ്ടിക്കാട്ടി. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ ഏകദേശം 14 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം നടക്കുന്നുണ്ട്. ഖത്തറിൽ നിന്നുള്ള ഊർജ്ജ കയറ്റുമതിയാണ് ഇതിൽ ഭൂരിഭാഗവും. എന്നാൽ 2030-ഓടെ ഈ വ്യാപാര വ്യാപ്തി ഇരട്ടിയാക്കാൻ ഇരുരാജ്യങ്ങളും ധാരണയായിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് ഏകദേശം 1.7 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് നടക്കുന്നത്. ഇതിൽ പ്രധാനമായും ഓട്ടോ ഘടകങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ആഭരണങ്ങൾ എന്നിവ ഉൾപ്പെടുന്നു. വ്യാപാര ബന്ധം കൂടുതൽ സന്തുലിതമാക്കുന്നതിന് വൈവിധ്യവൽക്കരണം അനിവാര്യമാണെന്ന് കുമാർ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ വാണിജ്യ, സാംസ്കാരിക, ഊർജ്ജ മന്ത്രിമാരുടെ സമീപകാല ഖത്തർ സന്ദർശനങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധത്തിന് പുതിയ ഊർജ്ജം നൽകിയിട്ടുണ്ട്. ഖത്തർ നാഷണൽ വിഷൻ 2030-ഉം ഇന്ത്യയുടെ ‘വികസിത് ഭാരത് 2047’ ലക്ഷ്യങ്ങളും തമ്മിലുള്ള യോജിപ്പ് ഊർജ്ജ മേഖലയ്ക്ക് പുറമെ സാങ്കേതികവിദ്യ, നിർമ്മാണം, സുസ്ഥിരത തുടങ്ങിയ പുതിയ മേഖലകളിലും വലിയ അവസരങ്ങൾ തുറന്നുനൽകുന്നതായും ഇന്ത്യൻ എംബസി ചാർജ് ഡി – അഫയേഴ്സ് ചൂണ്ടിക്കാട്ടി.
![]()
