റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘കേളി സിൽവർ വോളിബോൾ 2026’ കിരീടം അറബ്കോ ലോജസ്റ്റിക് സ്വന്തമാക്കി. സുലൈ അറബ്കോ ഗ്രൗണ്ടിൽ ആവേശം നിറച്ച ഫൈനലിൽ മംഗളൂർ സ്പോർട്സ് ക്ലബ് ജുബൈലിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് മറികടന്നാണ് അറബ്കോ ജേതാക്കളായത്.
25–20 എന്ന സ്കോറിന് ആദ്യ സെറ്റ് ജുബൈൽ സ്വന്തമാക്കിയെങ്കിലും പിന്നീടുള്ള മൂന്ന് സെറ്റുകളിലും മികച്ച തിരിച്ചുവരവ് നടത്തിയ അറബ്കോ 18–25, 23–25, 22–25 എന്ന സ്കോറിന് വിജയം പിടിച്ചെടുത്തു. നിർണായക ഘട്ടങ്ങളിൽ മികച്ച ആക്രമണവും പ്രതിരോധവും പുറത്തെടുത്ത അറബ്കോയാണ് ഒടുവിൽ കപ്പിൽ മുത്തമിട്ടത്.
ആദ്യ സെമിഫൈനലിൽ മംഗളൂർ സ്പോർട്സ് ക്ലബ് ജുബൈൽ, ശക്കർഘർ റിയാദിനെ 25–23, 25–23, 16–25, 26–24 എന്ന സ്കോറിന് പരാജയപ്പെടുത്തി ഫൈനലിലെത്തി. രണ്ടാം സെമിയിൽ സ്റ്റാർ സ്പോർട്സ് റിയാദിനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് (25–14, 25–11, 25–7) തോൽപ്പിച്ചാണ് അറബ്കോ ലോജസ്റ്റിക് ഫൈനലിൽ പ്രവേശിച്ചത്.

ടൂർണമെന്റിലെ മികച്ച താരമായി (MVP) മംഗളൂർ ജുബൈലിന്റെ മിഗ്ദാദിനെ തെരഞ്ഞെടുത്തു. അറബ്കോയുടെ ഹസ്സൻ മികച്ച ബ്ലോക്കറും ജുബൈലിന്റെ ഫയാസ് മികച്ച സ്പൈക്കറുമായി. അറബ്കോയുടെ സഫർ മികച്ച സെറ്ററായും ആബിദ് മികച്ച ലിബറോയുമായി തെരഞ്ഞെടുക്കപ്പെട്ടു. വോളി ഫ്രണ്ട്സ് റിയാദിനാണ് ഫെയർ പ്ലേ പുരസ്കാരം.
സമാപന സമ്മേളനത്തിൽ കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷനായി. എംഎആർ പ്രോജക്ട് മാനേജിങ് ഡയറക്ടർ അൻവർ ഉദ്ഘാടനം ചെയ്തു. സിൽവർ ജൂബിലി സംഘാടക സമിതി വൈസ് ചെയർമാൻ നൗഫൽ സിദ്ദിഖ് ആമുഖപ്രസംഗം നടത്തി. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സിദ്ധീഖ് അഹമ്മദ് (കോബ്ലാൻ), പ്രസാദ് വഞ്ചിപ്പുര (അസാഫ്), രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി, രാമചന്ദ്രൻ (അറബ്കോ) എന്നിവർ ആശംസകൾ നേർന്നു.
കേളി ട്രഷറർ മധു ബാലുശ്ശേരി സ്വാഗതവും ആക്ടിങ് സെക്രട്ടറി ഷാജി റസാഖ് നന്ദിയും പറഞ്ഞു. റഫറിമാർക്കും ഒഫീഷ്യൽസിനുമുള്ള മെമന്റോകൾ റിയാസ് പള്ളാട്ട്, ലത്തീഫ് കൂളിമാട്, മൻസൂർ, റനീസ് കരുനാഗപ്പള്ളി, ഇസ്മായിൽ കൊടിഞ്ഞി,സുബിൻ, എന്നിവർ വിതരണം ചെയ്തു.
ടൂർണമെന്റിലെ മത്സരങ്ങൾ നിയന്ത്രിച്ചത് ഹനീഫ് മംഗലാപുരം, ദീപക് മംഗലാപുരം, ഗോപിനാഥ് കണ്ണൂർ, ഹക്കീം, ഷരീജ്, കരീം മദീന, അൻസി ഷാനിഷ് എന്നിവരടങ്ങിയ റഫറി പാനലാണ്. അൻസി ഷാനിഷിന്റെ സാന്നിധ്യവും റഫറി പാനലിനെ ശ്രദ്ധേയമാക്കി.
റണ്ണേഴ്സ് മെഡലുകൾ കേളി പ്രസിഡന്റും വിന്നേഴ്സ് മെഡലുകൾ ആക്ടിങ് സെക്രട്ടറിയും വിതരണം ചെയ്തു. വ്യക്തിഗത പുരസ്കാരങ്ങളും ട്രോഫികളും റഫീഖ് ചാലിയം, നസീർ മുള്ളൂർക്കര, നൗഫൽ സിദ്ദിഖ്, റഫീഖ് പാലത്ത്, ഷമീം മേലേതിൽ, സുജിത്ത് എന്നിവർ സമ്മാനിച്ചു. ഫെയർ പ്ലേ പുരസ്കാരം കേളി കേന്ദ്രകമ്മിറ്റി അംഗം ബിജു തായമ്പത്ത് കൈമാറി.
സെമിഫൈനലിസ്റ്റുകൾക്കുള്ള ക്യാഷ് പ്രൈസുകൾ കേളി ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, സുലൈ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ, കേളി വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ, സുലൈ ഏരിയ സെക്രട്ടറി കൃഷ്ണൻകുട്ടി എന്നിവർ വിതരണം ചെയ്തു. റണ്ണേഴ്സിനുള്ള സമ്മാനം ഗഫൂർ ആനമങ്ങാടും ട്രോഫി ഷാജി റസാഖും കൈമാറി. ജേതാക്കൾക്കുള്ള ക്യാഷ് പ്രൈസ് കേളി ട്രഷറർ മധു ബാലുശ്ശേരിയും ട്രോഫി എംഎആർ പ്രോജക്ട് എംഡി അൻവറും സമ്മാനിച്ചു.
കേളി കലണ്ടർ സ്പോൺസർമാരായ കോബ്ലാന്റെ പ്രതിനിധിക്ക് കേളി ആക്ടിങ് സെക്രട്ടറിയും അസാഫിന്റെ പ്രതിനിധിക്ക് ട്രഷററും മെമന്റോ കൈമാറി.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ താരങ്ങൾ അണിനിരന്ന ടൂർണമെന്റ് മികച്ച നിലവാരത്തിലുള്ള മത്സരങ്ങളിലൂടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് കായികോത്സവത്തിന്റെ ആവേശം പകർന്നു. രണ്ടു ദിവസങ്ങളിലായി നടന്ന പോരാട്ടങ്ങൾ പ്രവാസി സമൂഹത്തിലെ കായിക കൂട്ടായ്മയുടെയും സൗഹൃദത്തിന്റെയും വേദിയായി മാറി.
![]()
