റിയാദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ 21-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന “മൈത്രി കേരളീയം – 2026” ഒക്ടോബർ 30ന് വെള്ളിയാഴ്ച വൈകിട്ട് 7ന് എക്സിറ്റ് 28ലെ മാർക്ക് ആൻഡ് സേവ് ഫ്ലമിംഗോ പാർക്ക് മാൾ ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ നടക്കും.
ഈ വർഷത്തെ “മൈത്രി കേരളീയം കർമ്മ” പുരസ്കാരം കേരള സർക്കാരിന്റെ വനം, വന്യജീവി സംരക്ഷണം, നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോണിന് സമ്മാനിക്കും. മന്ത്രി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
റിയാദിലെ കരുനാഗപ്പള്ളി നിവാസികളുടെ കൂട്ടായ്മയായി 2005ൽ രൂപം കൊണ്ട മൈത്രി, രണ്ട് പതിറ്റാണ്ടിലേറെയായി ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവമാണ്. അശരണർക്കും രോഗികൾക്കും നിർധനർക്കും വിവിധ ഘട്ടങ്ങളിൽ സഹായമെത്തിക്കുന്നതിനൊപ്പം, സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് ആവശ്യമായ കൈത്താങ്ങുമായി സംഘടന മുന്നിട്ടിറങ്ങിയിട്ടുണ്ട്. കരുനാഗപ്പള്ളി നിവാസികളുടെ കൂട്ടായ്മ എന്ന നിലയിൽ പ്രവർത്തനം ആരംഭിച്ചെങ്കിലും, മൈത്രിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ദേശ-ഭാഷാ വ്യത്യാസമില്ലാതെ റിയാദിലെ പൊതുസമൂഹത്തിലേക്ക് വ്യാപിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.
“മൈത്രി കേരളീയം – 2026”ന്റെ ഭാഗമായി അതിഥി ഗായികയ്ക്കൊപ്പം റിയാദിലെ കലാകാരന്മാർ അണിനിരക്കുന്ന ഗാനമേളയും വിവിധ കലാപരിപാടികളും നൃത്തനൃത്യങ്ങളും അരങ്ങേറും. റിയാദിലെ പ്രവാസി കലാകാരന്മാരുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ പരിപാടിയുടെ പ്രധാന ആകർഷണമാകും. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.
മൈത്രി രക്ഷാധികാരി ശിഹാബ് കൊട്ടുകാട്, പ്രസിഡന്റ് റഹ്മാൻ മുനമ്പത്ത്, ജനറൽ സെക്രട്ടറി നിസാർ പള്ളിക്കശ്ശേരിൽ, ട്രഷറർ മുഹമ്മദ് സാദിഖ്, പ്രോഗ്രാം കൺവീനറും അഡ്വൈസറി ബോർഡ് ചെയർമാനുമായ ഷംനാദ് കരുനാഗപ്പള്ളി, ജീവകാരുണ്യ കൺവീനർ അബ്ദുൽ മജീദ്, ചെയർമാൻ ബാലു കുട്ടൻ, വൈസ് പ്രസിഡന്റ് നസീർ ഖാൻ, സെക്രട്ടറി സാബു കല്ലേലിഭാഗം എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
![]()
