റിയാദ്: സൗദി അറേബ്യയിലെ ഈന്തപ്പഴ വിപണിക്ക് കരുത്ത് പകരാൻ നാഷണൽ സെൻ്റർ ഫോർ പാംസ് ആൻഡ് ഡേറ്റ്സുമായി കൈകോർത്ത് ലുലു ഹൈപ്പർമാർക്കറ്റ്. ഇതിൻ്റെ ഭാഗമായി സൗദി ലുലു ഹൈപ്പർമാർക്കറ്റും, നാഷണൽ സെന്റർ ഫോർ പാംസ് ആന്റ് ഡേറ്റ്സും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. ഇതോടൊപ്പം സൗദിയിലെ ഏറ്റവും വലിയ ഡേറ്റ്സ് ഫെസ്റ്റിവലിനും ലുലു ഹൈപ്പർമാർക്കറ്റുകളിൽ തുടക്കമായി.
എൻ.സി.പി.ഡി ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഹമ്മദ് ബിൻ മുഹമ്മദ് അൽ മൗസയും ലുലു ഹൈപ്പർമാർക്കറ്റ്സ് സൗദി അറേബ്യ ഡയറക്ടർ മുഹമ്മദ് ഹാരിസും ചേർന്ന് ഔദ്യോഗികമായി ഒപ്പുവെച്ച ഈ ധാരണാപത്രത്തിലൂടെ, രാജ്യത്തുടനീളമുള്ള കാർഷിക സഹകരണ സംഘങ്ങളിൽ നിന്നുള്ള മികച്ച ഗുണനിലവാരമുള്ള ഫ്രഷ് ഈന്തപ്പഴങ്ങളും അനുബന്ധ ഉത്പന്നങ്ങളും ലുലു ഹൈപ്പർമാർക്കറ്റുകളിൽ വിപണനത്തിനായെത്തും. വിളവെടുപ്പിന് തയ്യാറെടുത്തിരിക്കുന്ന പ്രാദേശിക ഈന്തപ്പഴ കർഷകരെ പിന്തുണയ്ക്കുക, റീട്ടെയിൽ വിപണിയിൽ കർഷകർക്ക് കൂടുതൽ അവസരങ്ങൾ നൽകുക, സൗദിയിലെ ഉയർന്ന ഗുണനിലവാരമുള്ള ഈന്തപ്പഴ ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലുലു ഹൈപ്പർമാർക്കറ്റുകളുടെ മികച്ച വിപണന സൗകര്യങ്ങളിലൂടെ സൗദിയുടെ കാർഷിക മേഖലയുടെ വളർച്ചയ്ക്കും സുസ്ഥിരതയ്ക്കും ഈ സംരംഭം വലിയ മുതൽക്കൂട്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു.
നാഷണൽ സെന്റർ ഫോർ പാംസ് ആന്റ് ഡേറ്റ്സുമായുള്ള പങ്കാളിത്തം, പ്രാദേശിക കർഷകരെ ശാക്തീകരിക്കുന്നതിനും രാജ്യത്തിന്റെ സമ്പന്നമായ കാർഷിക പാരമ്പര്യത്തെ ആദരിക്കുന്നതിനുമുള്ള ലുലുവിൻ്റെ അടിയുറച്ച പ്രതിബദ്ധതയെയാണ്
കാണിക്കുന്നതെന്ന് ലുലു ഹൈപ്പർമാർക്കറ്റ്സ് സൗദി അറേബ്യ ഡയറക്ടർ മുഹമ്മദ് ഹാരിസ് പറഞ്ഞു. ഈന്തപ്പഴ ഫെസ്റ്റിലൂടെ ഏറ്റവും മികച്ചതും ഗുണമേന്മയുള്ളതുമായ സൗദിയിലെ ഫ്രഷ് ഈന്തപ്പഴങ്ങൾ ഉപഭോക്താക്കളിലേക്ക് നേരിട്ടെത്തിക്കാനും, കർഷക സമൂഹത്തിന് പുതിയ വിപണന വഴികൾ തുറന്നുകൊടുക്കാനും കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
*ഡേറ്റ്സ് ഫെസ്റ്റിവൽ : ആഗോള നിലവാരമുള്ള വിവിധതരം ഫ്രഷ് ഈന്തപ്പഴങ്ങളുടെ വിപുലമായ പ്രദർശനം*
ഈന്തപ്പഴ വിളവെടുപ്പ് കാലമായതിനാൽ ലുലുവിലെ ഈന്തപ്പഴ ഫെസ്റ്റിവലിൽ വൈവിധ്യങ്ങൾ ഏറെയാണ്. മധുരമേറിയ റാബിയ റുത്താബ്, മൃദുലമായ ഘടനയുള്ള ശീഷി എന്നിവ മുതൽ ഇഖ്ലാസ്, ബെർഹി, ഖുനൈസി, അജ്വ, മദ്ജൂൽ, സുഖരി, സഖാവി, ഖലാസ് തുടങ്ങി ഉപഭോക്താക്കൾക്കിടയിൽ പ്രിയമേറിയ എല്ലാ ഫ്രഷ് ഈന്തപ്പഴ ഇനങ്ങളും ഫെസ്റ്റിലുണ്ട്.എല്ലാ ഇനങ്ങൾക്കും ഏറ്റവും ആകർഷകമായ വിലക്കുറവാണ് ലഭ്യമാക്കിയിരിക്കുന്നത്.
പ്രാദേശിക കർഷകർക്കും കാർഷിക സമൂഹങ്ങൾക്കും തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും രാജ്യത്തുടനീളമുള്ള കൂടുതൽ ഉപഭോക്താക്കളിലേക്ക് ഇത് എത്തിക്കുന്നതിനും ശക്തമായ ഒരു റീട്ടെയിൽ പ്ലാറ്റ്ഫോം
കൂടിയാണ് ഫെസ്റ്റിലൂടെ ലുലു ഒരുക്കിയിരിക്കുന്നത്.
![]()
