റിയാദ്: റിയാദിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശത്തിന്റെ വിരുന്നൊരുക്കിയ റിയാദ് ക്രിക്കറ്റ് ബാഷ് സീസൺ 3-ൽ ടീം എബിസിസി കിരീടം ചൂടി. ഫൈനലിൽ കരുത്തരായ യൂണിവേഴ്സൽ ടീമിനെ 7 വിക്കറ്റിനു പരാജയപ്പെടുത്തിയാണ് റാസിക് വാരത്തിന്റെ കീഴിൽ ഇറങ്ങിയ ടീം എ ബി സി സി ചാമ്പ്യന്മാരായത്.
ടോസ് നേടിയ എ ബി സി സി ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത യൂണിവേഴ്സൽ ടീം 12 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടി. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ഇജാസ് എബിസിസിക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. തുടർന്ന് എത്തിയ എല്ലാ ബൗളർമാരും കൃത്യമായ ലൈനിലും ലെങ്ത്തിലും പന്തെറിഞ്ഞ് എതിരാളികളെ നിയന്ത്രണത്തിലാക്കി 148 റൺസിൽ ഒതുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
149 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ എ ബി സി സി ക്ക് നൗഫലും മുസമ്മിലും മികച്ച തുടക്കമാണ് ഒരുക്കിയത്. തുടർന്ന് ക്രീസിലെത്തിയ ഓരോ ബാറ്ററും ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്ത് വിജയത്തിലേക്കുള്ള അടിത്തറ ഉറപ്പിച്ചു. മത്സരത്തിന്റെ ആവേശം പരമാവധിയിലെത്തിച്ച വിനീതി ന്റെ തുടർച്ചയായ നാല് സിക്സറുകൾ കാണികളെ ആവേശഭരിതരാക്കി. ആ വെടിക്കെട്ട് പ്രകടനത്തോടെ എ ബി സി സി തകർപ്പൻ വിജയത്തോടെ കിരീടം സ്വന്തമാക്കി.

ബാറ്റിംഗിൽ നിർണായകമായ 47 റൺസും, ബൗളിംഗിൽ ഒരു വിക്കറ്റും നിർണായക രണ്ട് ക്യാച്ചും നേടിയ മുസമ്മിൽ മത്സരത്തിലെ മികച്ച താരമായും ടൂർണമെന്റിൽ ഉടനീളം പ്രകടിപ്പിച്ച ഫീൽഡിംഗിന് മികച്ച ഫീൽഡർ ആയും തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലുടനീളം മികച്ച രീതിയിൽ ബാറ്റ് ചെയ്ത അനസ് ഒ പി മികച്ച ബാറ്ററായും തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിൽ സെഞ്ച്വറി കരസ്ഥമാക്കിയ നൗഫൽ, അനസ് ഒ പി എന്നിവർ പ്രത്യേക അവാർഡ് കരസ്ഥമാക്കി.
സമാപനച്ചടങ്ങിൽ പ്രമുഖ ക്രിക്കറ്റ് താരം ദിൽഷാദ് ദിച്ച, അഫ്താബ് അമ്പിലയിൽ, ഹാരിസ് പി.സി , ഹാരിസ് തൈക്കണ്ടി , ഇഹ്സാൻ അലി, അബ്ദുൽ ബാസിത്, അബ്ദുൽ ലത്തീഫ് പത്തുകാലൻ എന്നിവർ സന്നിഹിതരായിരുന്നു. വിജയികൾക്കുള്ള ട്രോഫികളും വ്യക്തിഗത പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
ചടങ്ങിന് നജഫ് മുഹമ്മദ് മാസ്റ്റർ ഓഫ് സെറിമണിക്ക് നേതൃത്വം നൽകി. എ ബി സി സി ടീം മാനേജർ അൻവർ സാദത്ത് കാത്താണ്ടി നന്ദിയും പറഞ്ഞു.
മികച്ച സംഘാടനവും കായികമികവും സൗഹൃദാന്തരീക്ഷവും കൊണ്ട് ശ്രദ്ധേയമായ റിയാദ് ക്രിക്കറ്റ് ബാഷ് സീസൺ 3, പ്രവാസി ക്രിക്കറ്റ് ലോകത്തിന് മറക്കാനാകാത്ത മറ്റൊരു അധ്യായമായി മാറി.
![]()
