റിയാദ്: കേരളത്തിന്റെ പുതിയ ബഡ്ജറ്റ് നിർദ്ദേശങ്ങളെ അഭിനന്ദിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്.
സംസ്ഥാനത്തിന്റെ ദീര്‍ഘകാല വളര്‍ച്ചയ്ക്കും സാമൂഹിക ക്ഷേമത്തിനും കരുത്തുപകരുന്ന പുരോഗമനപരമായ ബജറ്റ് ആണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മാനവ വികസന സൂചകങ്ങളില്‍ എക്കാലവും മുന്നില്‍ നില്ക്കുന്ന കേരളത്തെ ഒരു ആഗോള വിജ്ഞാനനവീകരണ കേന്ദ്രമായി മാറ്റിയെടുക്കാന്‍ വരും വര്‍ഷങ്ങളില്‍ മൂന്ന് പ്രധാന മേഖലകളില്‍ ദൗത്യ പ്രാധാന്യത്തോടെയുള്ള ഇടപെടല്‍ വേണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ആരോഗ്യ സംരക്ഷണം, കാര്‍ഷിക രംഗം, എഐ അധിഷ്ഠിത വിദ്യാഭ്യാസം എന്നിവയാകണം കേരളത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയുടെ മൂന്ന് പ്രധാന സ്തംഭങ്ങളെന്ന് ഡോ. ആസാദ് മൂപ്പന് ചൂണ്ടിക്കാട്ടി.
ഗുണനിലവാരമുള്ള പരിചരണം, അത്യാധുനിക മെഡിക്കല്‍ സാങ്കേതികവിദ്യ, ഡിജിറ്റല്‍ ഹെല്‍ത്ത്, പ്രതിരോധ ആരോഗ്യ സംരക്ഷണം എന്നിവയിലെ നിക്ഷേപങ്ങളിലൂടെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നത് കേരളത്തെ മികച്ചൊരു അന്താരാഷ്ട്ര മെഡിക്കല്‍ ലക്ഷ്യസ്ഥാനമാക്കും. സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സുസ്ഥിര കൃഷി, ഭക്ഷ്യ സംസ്കരണ മേഖല, കാര്‍ഷിക സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നത് വഴി ഗ്രാമീണ അഭിവൃദ്ധിയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാം. വിദ്യാഭ്യാസ രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഡിജിറ്റല്‍ നൈപുണ്യങ്ങളും പാഠ്യപദ്ധതിയില്‍ സംയോജിപ്പിക്കുന്നതിലൂടെ ഇന്ത്യയിലെ മുന്‍നിര ‘എഐ പ്രാപ്ത വിജ്ഞാന സമ്പദ്വ്യവസ്ഥ’യായി മാറാന്‍ കേരളത്തിന് സാധിക്കും. ഇത്തരം കാഴ്ചപ്പാടിലൂടെ കേരളം സമഗ്രവികസനത്തിന്റെ ആഗോള മാതൃകയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
![]()
