ദമ്മാം: മഹാത്മാഗാന്ധി സർവകലാശാലയുടെ ബി.എസ്.സി ബയോ ഇൻഫർമാറ്റിക്സ് പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ മുൻ പ്രവാസി വിദ്യാർത്ഥിനി തൻസീറ സിദ്ദീഖിനെ ജാം ക്രിയേഷൻസ് അനുമോദിച്ചു. റോസ് ഗാർഡൻ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ പ്രവിശ്യയിലെ പ്രമുഖ കലാ സാംസ്കാരിക വേദിയായ ജാം ക്രിയേഷൻ കൺവീനർ സുബൈർ പുല്ലാളൂർ അധ്യക്ഷത വഹിച്ചു. തൻസീറയുടെ അസാന്നിധ്യത്തിൽ പിതാവ് സിദ്ധീഖ് ആലുവ മൊമെന്റോ ഏറ്റുവാങ്ങി.
ജാം ക്രിയേഷൻ എക്സിക്യൂട്ടീവ് അംഗവും കൂട്ടായ്മയുടെ നാടക-ഷോർട്ട് ഫിലിം പ്രവർത്തനങ്ങളിൽ അഭിനേതാവായും രംഗപട, മേക്കപ്പ് വിദഗ്ധനായും സജീവ സാന്നിധ്യമായ സിദ്ദീഖ് ആലുവയുടെ മകളാണ് തൻസീറ. ദമ്മാമിലെ അൽ മുന സ്കൂൾ, ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിലെ പൂർവ വിദ്യാർത്ഥിനിയായ തൻസീറയുടെ ഈ ശ്രദ്ധേയ നേട്ടം പ്രവാസി സമൂഹത്തിനാകെ അഭിമാനകരമാണെന്ന് ജാം ക്രിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസ രംഗത്തെ മികവിലൂടെ യുവതലമുറയ്ക്ക് പ്രചോദനമാകുന്ന തൻസീറയുടെ നേട്ടം കലാ-സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ സജീവമായി ഇടപെടുന്ന ജാം ക്രിയേഷൻസ് കുടുംബത്തിന്റെ അഭിമാന നിമിഷം കൂടിയാണെന്ന് ചടങ്ങിൽ സംസാരിച്ചവർ ചൂണ്ടിക്കാട്ടി. ചടങ്ങിൽ സഈദ് ഹമദാനി, അർഷദ് വാണിയമ്പലം, ജോഷി ബാഷ ആലപ്പുഴ, ഷമീർ പത്തനാപുരം, റിനു അബൂബക്കർ, മെഹബൂബ് മുടവൻകാട്ടിൽ, സിദ്ദീഖ് ആലുവ എന്നിവർ സംബന്ധിച്ചു.
![]()
