ജിദ്ദ: ജിദ്ദയിലെ സാംസ്കാരിക വേദിയില്‍ വിസ്മയമായി മുഹമ്മദ് അമാന്‍ എന്ന കൗമാര പ്രതിഭയുടെ പുതിയ കൃതി ‘ദ ഡ്രീം’ പുറത്തിറങ്ങി. ജിദ്ദ സീസണ്‍സ് റെസ്റ്റോറന്റില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ അറബ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിറാജ് വഹാബ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു.മുതിര്‍ന്നവര്‍ പോലും പലപ്പോഴും സ്വപ്നം കാണാന്‍ മടിക്കുന്ന കാര്യമാണ് ഇത്ര ചെറിയ പ്രായത്തില്‍ അമാന്‍ സാധ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. മിക്ക കുട്ടികളും പരീക്ഷാ തിരക്കുകളിലും സ്ക്രീനുകളിലും സമയം ചെലവഴിക്കുമ്പോള്‍, സ്വന്തം ചിന്തകളെയും അനുഭവങ്ങളെയും ഭാവനകളെയും കോര്‍ത്തിണക്കി ഒരു പുസ്തകമാക്കി മാറ്റിയത് അമാന്റെ പ്രതിഭയുടെ തെളിവാണ്. ഇംഗ്ലീഷ് ഭാഷയിലൂടെ ആഗോള വായനക്കാരിലേക്ക് വാതിലുകള്‍ തുറന്ന അമാന്‍ വരും തലമുറയ്ക്ക് വലിയൊരു പ്രചോദനമാണെന്നും, നമ്മുടെ ഭാവി സുരക്ഷിതമാണെന്നതിന്റെ തെളിവാണ് ഇത്തരം സര്ഗ്ഗശക്തികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മകന് കൈവരിച്ച ഈ വലിയ നേട്ടത്തിന് പിന്നില്‍ മാതാപിതാക്കളായ സുനില്‍ സെയ്ദ്, സോഫിയ സുനില്‍ എന്നിവരുടെ പങ്ക് വളരെ വലുതാണെന്ന് സിറാജ് വഹാബ് പ്രത്യേകം ഓര്‍മ്മിപ്പിച്ചു. ചടങ്ങില്‍ മാധ്യമപ്രവര്ത്തകന് മുസാഫിര്‍ പുസ്തകം ഏറ്റുവാങ്ങുകയും റെജി അന്‍വര്‍ പുസ്തകത്തെ പരിചയപ്പെടുത്തുകയും ചെയ്തു. കബീര്‍ കൊണ്ടോട്ടി, ഷിബു തിരുവനന്തപുരം, ഹക്കീം പാറക്കല്‍, നാസര്‍ വെളിയങ്കോട്, ആലിയ ടീച്ചര്‍, യമുന ടീച്ചര്‍ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
മുഹമ്മദ് അമാന്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് മറുപടി പ്രസംഗം നടത്തി. നജീബ് വെഞ്ഞാറമൂട് അവതാരകനായ പരിപാടിയില്‍ സുനില്‍ സെയ്ദ് സ്വാഗതവും സോഫിയ നജ്മുദ്ദീന് നന്ദിയും പറഞ്ഞു.
![]()
