റിയാദ് : സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ “സിജിയെസ്റ്റ -26 “ എന്നപേരിൽ വാർഷിക കുടുംബ സംഗമം സംഘടിപ്പിച്ചു. ദിറാബ് ബ്ലൂപാർക്ക് ഇസ്തിറാഹയിൽ നടന്ന സംഗമത്തിൽ സിജി പ്രവർത്തകരും സഹകാരികളും കുടുംബാംഗങ്ങളും ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തു വിനോദവും വിജ്ഞാനവും കോർത്തിണക്കിയ പരിപാടികൾ സംഗമത്തിന്റെ പ്രത്യേകതയായിരുന്നു
അമീർ ഖാൻ, റിദ മുനീബ് , ആഷ്ന അമീർ എന്നിവർ നേതൃത്വം നൽകിയ ഔട്ട്ഡോർ സെഷനിൽ വിവിധ ടീമുകളായി വിഭജിച്ച് നിരവധി ടീം ബിൽഡിംഗ് ഗെയിമുകളും വടംവലി മത്സരവും നടത്തി. കുട്ടികളും മുതിർന്നവരും ഒരുപോലെ സജീവമായി പങ്കെടുത്ത പരിപാടികൾ കുടുംബ സംഗമത്തെ കൂടുതൽ ആസ്വാദ്യകരമാക്കി.
ഷഹാന അലിയുടെ നേതൃത്വത്തിൽ വൈകുന്നേരം നടന്ന സാംസ്കാരിക സന്ധ്യ സംഗമത്തിന് മാറ്റ് കൂട്ടി . സിജി വുമൺ കളക്ടീവ് അംഗങ്ങളുടെ ഒപ്പനയും സംഘഗാനവും, സിജി സി.എൽ.പി ടീമിന്റെ ഫ്യൂഷൻ ഡാൻസും, സിജി കുടുംബാംഗങ്ങളുടെ മക്കളുടെ വിവിധ കലാപരിപാടികളും ശ്രദ്ധേയമായി. റിയാദിലെ പ്രശസ്ത മുട്ടിപ്പാട്ട് കലാകാരൻ ഉമർ ഫാറൂക്കിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച സംഗീതനിശ ആസ്വാദകരെ ആവേശം കൊള്ളിച്ചു.
സംഗമത്തിന് മുനീബ് ബി.എച്ച്, റഷീദലി, മുസ്തഫ മാനന്തേരി, അബ്ദുൽ അസീസ്, റിസ്വാൻ , അബ്ദുൽ നിസാർ, അബൂബക്കർ മഞ്ചേരി, സമീർ മാളിയേക്കൽ, ഷീബ അസീസ്, ഷഹാന അലി, ഫെബിന നിസാർ എന്നിവർ നേതൃത്വം നൽകി.
![]()
