റിയാദ്: കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവിൻ്റെ റിയാദ് സിറ്റി സോൺ തല മത്സരങ്ങൾ ഡിസംബർ 26-ന് നടക്കും. പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാസാഹിത്യ സംഗമമായ സാഹിത്യോത്സവിൻ്റെ ഭാഗമായി വിപുലമായ പരിപാടികളാണ് റിയാദിൽ ആസൂത്രണം ചെയ്തിട്ടുള്ളത്.
പ്രവാസികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനായി താഴെത്തട്ടിൽ നിന്ന് ആരംഭിക്കുന്ന മത്സരങ്ങൾ കുടുംബങ്ങളിൽ നടക്കുന്ന ഫാമിലി സാഹിത്യോത്സവുകളോടെ ഇതിനകം തുടക്കമായിട്ടുണ്ട്. തുടർന്ന് 33 യൂനിറ്റുകളിലും 9 സെക്ടറുകളിലും നടക്കുന്ന മത്സരങ്ങളിൽ വിജയികളാകുന്ന പ്രതിഭകളാണ് ഡിസംബർ 26-ന് നടക്കുന്ന സോൺ സാഹിത്യോത്സവത്തിൽ മാറ്റുരക്കുക.
ഏഴ് വിഭാഗങ്ങളിലായി നൂറിലധികം മത്സര ഇനങ്ങളാണ്സാഹിത്യോത്സവിലുണ്ടാവുക. വിദ്യാർത്ഥികളിലെ സർഗവാസന പരിപോഷിപ്പിക്കുന്നതിനായി കാമ്പസ് വിഭാഗത്തിൽ റിയാദിലെ വിവിധ സ്കൂളുകൾ തമ്മിലുള്ള മത്സരങ്ങളും ഇതിനോടനുബന്ധിച്ച് നടക്കും.
സാഹിത്യോത്സവ് പ്രചാരണത്തിൻ്റെ ഭാഗമായി സമൂഹത്തിലെ നാനാതുറകളിലുള്ളവരെയും ഉൾക്കൊള്ളിച്ചുകൊണ്ട് വൈവിധ്യമാർന്ന പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. തൊഴിൽപരമായ പരിമിതികൾ കാരണം സാധാരണ പൊതുപരിപാടികളിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി ‘കലോത്സാഹം’, ഭിന്നശേഷിക്കാരായ പ്രതിഭകൾക്കായി ‘സ്നേഹോത്സവ്’, വനിതകൾക്കായി പ്രത്യേകമായി സംഘടിപ്പിക്കുന്ന ‘ഒരിടത്ത്’ തുടങ്ങിയ കലാ സാഹിത്യ മത്സരങ്ങളും സംഗമങ്ങളും സാഹിത്യോത്സവിൻ്റെ മാറ്റുകൂട്ടും.
![]()
