ദോഹ: മുഖ്യമന്ത്രി പിണറായി വിജയൻ ഏക ദിന സന്ദർശനത്തിനായി ഖത്തറിലെത്തി. ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി വിപുൽ, എംബസിയിലെ മുതിന്ന ഉദ്യോഗസ്ഥർ, പ്രവാസി സംഘടനാ നേതാക്കൾ എന്നിവർ സ്വീകരിച്ചു. മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, നോർക്ക ഉദ്യോഗസ്ഥർ തുടങ്ങിയവർ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്.
ഖത്തർ ഔദ്യോഗിക പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി ഷറാട്ടന് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ വ്യാപാര, വാണിജ്യ പ്രമുഖരും വിവിധ സംഘടനാ ഭാരവാഹികളുമായും സംവദിക്കും. വൈകുന്നേരം ആറുമണിക്ക് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മലയാളോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ലോക കേരളസഭയുടെയും മലയാളം മിഷൻ സംസ്കൃതി ഖത്തർ ചാപ്റ്ററിന്റെയും ആഭിമുഖ്യത്തിലാണ് മലയാളോത്സവം സംഘടിപ്പിക്കുന്നത്. പരിപാടിയിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, ഫിഷറീസ്-സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, പത്മശ്രീ ഡോ. എം. എ.യൂസഫ് അലി, കേരള ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് തുടങ്ങിയവർ സംബന്ധിക്കും.
![]()
