മസ്കറ്റ്: ഒമാനിലെ സോഹാർ മലയാളി സംഘം സംഘടിപ്പിക്കുന്ന പത്താമത് എസ്എംഎസ് യുവജനോത്സവം ഒക്ടോബർ 24ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ചടങ്ങുകളിൽ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ജി വി ശ്രീനിവാസ് മുഖ്യാതിഥിയായി പങ്കെടുക്കും.
ഒക്ടോബർ 24ന് ഓഫ് സ്റ്റേജ് മത്സരങ്ങൾ സോഹാറിലെ ലുലു മാളിലും, നവംബർ ഏഴ്, എട്ട് തീയതികളിൽ സുഹാർ പ്ലാസയിൽ ഓൺ സ്റ്റേജ് പരിപാടികളും നടക്കും. ഒമാനിലെ ഇന്ത്യൻ വിദ്യാർഥികൾക്കിടയിൽ സർഗ്ഗാത്മകത, ടീം വർക്ക്, സാംസ്കാരിക ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം. സബ് ജൂനിയർ, ജൂനിയർ, സീനിയർ, ഓപ്പൺ ടു ഓൾ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. സാഹിത്യം, കല, പെർഫോമിംഗ് ആർട്സ് എന്നീ വിഭാഗങ്ങളിലായി 44 മത്സര പരിപാടികളാണ് ഉള്ളത്.
ഒമാനിലുടനീളമുള്ള ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള 500ലധികം പേർ ഫെസ്റ്റിവലിൽ പങ്കെടുക്കും. ഇന്ത്യയിൽ നിന്നും യുഎഇയിൽ നിന്നുമുള്ള 14 പ്രമുഖ വിധികർത്താക്കളുടെ ഒരു പാനൽ മത്സരങ്ങളുടെ വിധി നിർണയിക്കും. സ്റ്റേജിലെ മത്സരങ്ങളിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരള നടനം, സെമിക്ലാസിക്കൽ നൃത്തം, നാടോടി നൃത്തം, പാശ്ചാത്യ നൃത്തം, സിനിമാറ്റിക് നൃത്തം, എക്സ്റ്റെംപോർ എന്നിവ ഉൾപ്പെടും. സംഗീത, നാടക പരിപാടികളിൽ ലളിത സംഗീതം, ചലച്ചിത്ര ഗാനം, ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം, നാടക ഗാനം, മാപ്പിളപ്പാട്ട്, നാടൻ പാട്ട്, മോണോ ആക്ട്, മിമിക്രി എന്നിവ ഉൾപ്പെടും.
![]()
