റിയാദ്: മലയാളത്തിൻറെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചറുടെ സ്മരണാർത്ഥം മലയാളം മിഷൻ എല്ലാ വർഷവും നടത്തിവരുന്ന സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിൻറെ 2025 ലെ സൗദിഅറേബ്യ ചാപ്റ്റർ തല മത്സര വിജയികളെ പ്രഖ്യാപിച്ചു.
സബ് ജൂനിയർ വിഭാഗത്തിൽ അൻസ്റ്റിയ മരിയ (അൽ ഖസീം) ഒന്നാം സ്ഥാനവും അബ്ദുൽ ഹമീസ് ( ദമാം ) രണ്ടാം സ്ഥാനവും ധ്വനി ചന്ദ്രൻ ( നജ്റാൻ ) മൂന്നാം സ്ഥാനവും നേടി.
ജൂനിയർ വിഭാഗത്തിൽ തീർത്ഥ പി.എസ് (ജിസാൻ ) ഒന്നാം സ്ഥാനവും ഖദീജ താഹ (ജിസാൻ ) രണ്ടാം സ്ഥാനവും ഗൗരി നന്ദ ( ദമാം ) മൂന്നാം സ്ഥാനവും നേടി .
മലയാളം മിഷൻ സൗദി ചാപ്റ്ററിനു കീഴിൽ പ്രവർത്തിക്കുന്ന റിയാദ്, ദമ്മാം, ജിദ്ദ, അൽഖസീം, തബൂക്ക്, നജ്റാൻ, അബഹ, ജിസാൻ എന്നീ മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് ചാപ്റ്റർ തല മത്സരത്തിൽ പങ്കെടുത്തത്.
സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്നു വിഭാഗങ്ങളിലായുള്ള മത്സരത്തിൽ പ്രമുഖ മലയാള കവിയും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ ഒ .ൻ . വി. കുറുപ്പിന്റെ കവിതകളാണ് മത്സരാർത്ഥികൾ ചൊല്ലിയത്. കവികളും എഴുത്തുകാരുമായ സബീന. എം .സാലി, നീതു കുറ്റിമാക്കൽ, ശിവപ്രസാദ് പാലോട് എന്നിവർ വിധികർത്താക്കളായിരുന്നു.
മലയാളം മിഷൻ സൗദി ചാപ്റ്റർ പ്രസിഡണ്ട് പ്രദീപ് കൊട്ടിയം പരിപാടിയിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ വിജയികളെ പ്രഖ്യാപിച്ചു. പ്രവാസി മലയാളികളുടെ പുതുതലമുറയിൽ മാതൃഭാഷ പ്രചരിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും അദ്ദേഹം ചൂണ്ടി കാട്ടി. മാതൃ ഭാഷയിലൂടെ മാത്രമേ സംസ്കാര സമ്പന്നമായ വ്യക്തിത്വ രൂപീകരണം സാധ്യമാവുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസി കുട്ടികളിൽ മലയാള ഭാഷ പകർന്നു നൽകുന്നതിൽ കാവ്യാലാപന മത്സരത്തിൻറെ പ്രസക്തിയും മലയാളം മിഷൻ നടത്തുന്ന കഥാ വായന , പ്രസംഗം , ചിത്ര രചന, ഭാഷ – സാഹിത്യ അഭിരുചി ക്യാമ്പുകളുടെ പ്രാധാന്യവും ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ വിശദീകരിച്ചു. ചാപ്റ്റർ ചെയർമാൻ താഹ കൊല്ലെത്ത്, കൺവീനർ ഡോ.ഷിബു തിരുവനന്തപുരം, ലോക കേരള സഭ അംഗം കെ .ഉണ്ണികൃഷ്ണൻ വൈസ് പ്രസിഡൻറ് മാത്യു തോമസ് നെല്ലുവേലിൽ വിദഗ്ധ സമിതി വൈസ് ചെയർമാൻ ഡോ.രമേശ് മൂച്ചിക്കൽ, എന്നിവർ സംസാരിച്ചു.
മലയാളം മിഷൻ വിദഗ്ധ സമിതി ചെയർപേഴ്സൺ ഷാഹിദ ഷാനവാസ്, മേഖല കോഓർഡിനേറ്റർമാരായ ഡോ. രമേശ് മൂച്ചിക്കൽ , അനു രാജേഷ് , ഷാനവാസ് കളത്തിൽ, പി.കെ.ജുനൈസ്, ഉബൈസ് മുസ്തഫ , കെ. ഉണ്ണികൃഷ്ണൻ , വി കെ .ഷഹീബ എന്നിവർ നേതൃത്വം നൽകി.
കാവ്യാലാപന മത്സരം മികച്ച നിലവാരം പുലർത്തിയതായും, അക്ഷര സ്ഫുടത, മിതമായ ഭാവ ശബ്ദ പ്രകടനം, അർത്ഥം, ആശയം ഇവയുടെ സ്പഷ്ടീകരണം എന്നീ മത്സര മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചതായും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. മാതൃഭാഷയുടെ ജീവിത പരിസരങ്ങളിൽ നിന്നും അകന്ന് പ്രവാസ ലോകത്ത് വിദേശ ഭാഷകളിലൂടെ പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ മികച്ച പ്രകടനം കാവ്യാലാപന മത്സരത്തിൻറെ മൂല്യനിർണ്ണയത്തിൽ വെല്ലുവിളി ഉയർത്തിയതായും വിധികർത്താക്കൾ പറഞ്ഞു.
സൗദി ചാപ്റ്റർ തല മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ വിജയികൾക്ക് സൗദി ചാപ്റ്റർ കമ്മിറ്റി സാക്ഷ്യപത്രം നൽകുകയും മലയാളം മിഷൻ കേന്ദ്ര ഓഫീസ് നടത്തുന്ന ആഗോള തല ഫൈനൽ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്യുമെന്ന് ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫനും വിദഗ്ധ സമിതി ചെയർപേഴ്സൺ ഷാഹിദ ഷാനവാസും അറിയിച്ചു.
“സുഗതാഞ്ജലി” ആഗോളതല മത്സരം, മലയാളം മിഷൻ കേന്ദ്ര ഓഫീസിൻറെ നേതൃത്വത്തിൽ നടത്തുന്ന ഫൈനൽ മത്സരത്തിൽ, ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്ക്ക് യഥാക്രമം 5000, 3000, 2000 രൂപ ക്യാഷ് അവാർഡും സാക്ഷ്യപത്രവും മലയാളം മിഷൻ നൽകും. മലയാളത്തിലെ പ്രമുഖ കവികളടങ്ങുന്ന സമിതിയായിരിക്കും ഫൈനൽ മത്സരത്തിൻറെ വിധിനിർണയിക്കുന്നത്.
![]()
