പുതിയ ചെയർപേഴ്സനും അംഗങ്ങളും ചാർജ്ജെടുത്തതിനുശേഷം സെപ്റ്റംബർ 16-ന് എറണാകുളം കളക്റ്ററേറ്റിൽ നടക്കുന്ന അദാലത്തിൽ പ്രവാസി ലീഗൽ സെൽ പ്രതിനിധികളായ അഡ്വ. ആർ മുരളീധരനും നന്ദഗോപകുമാറും പങ്കെടുക്കും. പ്രവാസി വിഷയങ്ങൾ കൂടുതൽ അറിയണമെന്ന കമ്മിഷൻ ചെയർപേഴ്സ്ൻറെ താൽപര്യപ്രകാരമാണ് പങ്കെടുക്കുന്നതെന്നും പ്രധാനമായും നോർക്ക, നോർക്ക റൂട്സ്, പ്രവാസി ക്ഷേമ ബോർഡ് തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പ്രവാസി ലീഗൽ സെൽ അവതരിപ്പിക്കുന്നതെന്നും ജനറൽ സെക്രട്ടറി അഡ്വ.ആർ. മുരളീധരൻ വാർത്ത കുറിപ്പിൽ അറിയിച്ചു.
പ്രവാസികളുമായോ അവരുടെ നാട്ടിലെ ബന്ധുക്കളുമായോ ബന്ധപ്പെട്ട എല്ലാ കേസുകളിലും കമ്മിഷന് ഇടപെടണമെന്നാണ് എൻ ആർ ഐ കമ്മിഷൻ നിയമം പറയുന്നത്.
പുനസംഘടിപ്പിച്ച ആറംഗ പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷനിൽ ജസ്റ്റിസ് (റിട്ട) സോഫി തോമസ്സ് ആണ് അധ്യക്ഷ.പി.എം ജാബിർ, ഡോ. മാത്യൂസ്.കെ.ലൂക്കോസ്, എം.എം നയീം, ജോസഫ് ദേവസ്യ പൊൻമാങ്കൽ, എൻ.ആർ.ഐ (കെ) കമ്മീഷൻ സെക്രട്ടറി (ജയറാം കുമാർ ആർ) എന്നിവരാണ് അംഗങ്ങൾ.
ഏതൊക്കെ പരാതികൾ കമ്മിഷന് പരിഗണിക്കാനാവും?
എൻ.ആർ.ഐ കമ്മീഷന് പ്രവാസി മലയാളികളിൽ നിന്നോ അവരുടെ കുടുംബാംഗങ്ങളിൽ നിന്നോ അവരുടെ ജീവനും സ്വത്തുമായി ബന്ധപ്പെട്ട ഏത് തരത്തിലുള്ള പരാതിയും സ്വീകരിക്കാവുന്നതാണ്.
സർക്കാർ-അർദ്ധ സർക്കാർ ഓഫീസുകളുമായോ, പൊതുമേഖലാ സ്ഥാപനങ്ങളുമായോ, ബാങ്കുകളുമായോ പോലീസുമായോ ഉണ്ടാകുന്ന തർക്കങ്ങൾക്കുമേലും നടപടി സ്വീകരിക്കാവുന്നതാണ്. സ്വകാര്യ വ്യക്തികളുമായോ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും കമ്മീഷന് ഇടപെടാം. റിക്രൂട്ട്മെന്റ് ഏജൻസികളുമായി ബന്ധപ്പെട്ട തൊഴിൽ തട്ടിപ്പുകളും കമ്മീഷൻ പരിശോധിക്കും. റിക്രൂട്ട്മെന്റ് ഏജൻസികളിലെ അനാശാസ്യ നടപടികളും തൊഴിൽ തട്ടിപ്പുകളും കമ്മീഷന് പരിശോധിക്കാവുന്നതാണ്. സ്വമേധയായും കമ്മിഷന് കേസ്സുകൾ പരിഗണിക്കാവുന്നതാണ്.
ആർക്കൊക്കെ പരാതി നൽകാം?
പ്രവാസി മലയാളികൾക്കും അവരുടെ ആശ്രിതർക്കും കുടുംബാംഗങ്ങൾക്കും പരാതി നൽകാം. വിദേശ പൗരത്വം എടുത്ത ഇൻഡ്യക്കാർക്കും (OCI കാർഡുള്ളവർ) പരാതി കൊടുക്കാം. അതുപോലെ പ്രവാസി വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സാമൂഹ്യപ്രവർത്തകർക്കും പ്രവാസി സംഘടനകൾക്കും പരാതി നൽകാം.
എങ്ങനെ പരാതി നൽകണം?
കമ്മിഷനിൽ നേരിട്ടോ, തപാൽ വഴിയോ ഇമെയിൽ വഴിയോ ലഭ്യമായ ഏത് മാർഗ്ഗങ്ങൾ വഴിയും പരാതി നൽകാം. പരാതി നൽകുമ്പോൾ പരാതിക്കാരുടെ നാട്ടിലെ വിലാസം, ബന്ധപ്പെടേണ്ട ഫോൺ നമ്പർ ഇമെയിൽ അഡ്രസ്സ് തുടങ്ങിയവ നൽകണം. ആർക്കെതിരെയാണോ പരാതിപ്പെടുന്നത് അവരെ ബന്ധപ്പെടേണ്ട പൂർണ്ണ വിവരങ്ങളും നൽകിയിരിക്കണം. പരാതി വ്യക്തമായി എഴുതിയിരിക്കണം. പ്രവാസിയാണെന്ന് തെളിയിക്കുന്ന ഏതെങ്കിലും രേഖയും (പാസ്പോർട്ട്, വിസ, വിദേശ ഐ ഡി തുടങ്ങിയവ) പരാതിയോടൊപ്പം ഉൾപ്പെടുത്തണം.
![]()
