തൊടുപുഴ : പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്ററിന്റെ കീഴിൽ ഇടുക്കി ജില്ലാ കമ്മിറ്റി നിലവിൽ വന്നു.
തൊടുപുഴ ഐശ്വര്യ റെസിഡൻസിയിൽ നടന്ന പൊതുയോഗത്തിൽ ഇടുക്കി ജില്ലാ കോർഡിനേറ്റർ ബെന്നി പെരികിലത്ത് അധ്യക്ഷത വഹിച്ചു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് മുരളീ രവീന്ദ്രൻ, കേരള ചാപ്റ്റർ ട്രഷറർ തല്ഹത് പൂവച്ചൽ എന്നിവർ മുഖ്യതിഥികളായിരുന്നു. പ്രവാസി ലീഗൽ സെല്ലിനെക്കുറിച്ചും കേരള ചാപ്റ്ററിന്റെ പ്രവർത്തനങ്ങളെ കുറിച്ചും ജനറൽ സെക്രട്ടറിയും ട്രഷററും സദസ്സിന് വിവരിച്ചുകൊടുത്തു. പ്രവാസികൾ (ഇപ്പോൾ വിദേശത്ത് ഉള്ളവരും തിരികെ എത്തിയവരും മറുനാടൻ മലയാളികളും) നേരിടുന്ന പലവിധത്തിലുള്ള നിയമ പ്രശ്നങ്ങൾക്ക് സഹായം എത്തിക്കുക, പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക എന്നതാണ് പ്രവാസി ലീഗൽ സെല്ലിന്റെ മുഖ്യലക്ഷ്യങ്ങൾ. വിരമിച്ച ജഡ്ജിമാർ, അഭിഭാഷകർ, പ്രവാസി പൊതുപ്രവർത്തകർ തുടങ്ങിയവർ അടങ്ങുന്നതാണ് പ്രവാസി ലീഗൽ സെല്ലിന്റെ ഘടന. 2009-ൽ ഔപചാരികമായി രജിസ്റ്റർ ചെയ്ത് നിലവിൽ വന്നതുമുതൽ നാളിതുവരെ ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി പ്രവാസികളുടെ വിഷയങ്ങളിൽ രാജ്യത്തെ സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും പൊതുതാൽപര്യ ഹർജികളിലൂടെ ഇടപെടാൻ പ്രവാസി ലീഗൽ സെല്ലിന് കഴിഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫയർ ഫണ്ട് (ICWF) പ്രയോജനപ്പെടുത്തി നിരവധി പ്രവാസികളെ വിദേശങ്ങളിൽ നിന്നും നാട്ടിലെത്തിക്കാൻ പി എൽ സി ക്ക് കഴിഞ്ഞിട്ടുണ്ട്. 60 വയസ്സ് കഴിഞ്ഞ എല്ലാ പ്രവാസികൾക്കും പ്രായപരിധി ഇല്ലാതെ പെൻഷൻ കിട്ടുന്നതിനുള്ള നിയമഭേദഗതികൾ വരുത്തുന്നതിനും പ്രവാസികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ പിഴവുകൾപോലും പർവ്വതീകരിച്ച് അവരെ നിയമവിരുദ്ധമായി പെൻഷൻ പദ്ധതിയിൽ നിന്നും പുറത്താക്കുന്ന പ്രവാസി ക്ഷേമ ബോർഡിന്റെ നടപടികൾക്കെതിരെയും പ്രവാസി ലീഗൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ രണ്ട് പൊതുതാൽപര്യ ഹർജികൾ ഇപ്പോൾ കേരള ഹൈക്കോടതിയിൽ നിലവിലുണ്ട്. കൂടാതെ പെൻഷൻ അകാരണമായി വൈകിപ്പിക്കുന്ന ക്ഷേമനിധി ബോർഡ് നടപടികൾക്കെതിരെ പ്രവാസി ലീഗൽ സെൽ കേരള ലീഗൽ സർവീസസ് അതോറിറ്റിക്ക് കൊടുത്ത പരാതിയും പരിഗണനയിലാണ്.
ബെന്നി പെരികിലത്ത്(പ്രസിഡന്റ്),ടോം എടയോടി, മിനി ജോൺ കളപ്പുര(വൈസ് പ്രസിഡന്റുമാർ),
ജോയി ജോൺ പീടിയേക്കൽ(സെക്രട്ടറി),അനു ബെന്നി പെരികിലത്ത്, ജോസഫ് സെബാസ്റ്റ്യൻ മണ്ണാറുവേലി(ജോയിന്റ് സെക്രട്ടറിമാർ), ജിംസൺ ജോസ്
(ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജോസ് നടക്കുഴക്കൽ, കെ. ഡി. മാത്യു, ജേക്കബ് ആലപ്പാട്ട്, ഷാജു പോൾ കൊന്നക്കൽ, അഡ്വ. സണ്ണി മാത്യു, അനീഷ് തോമസ് കാപ്പിൽ എന്നിവരെയും തെരഞ്ഞെടുത്തു.
സംസ്ഥാന ജനറൽ സെക്രട്ടറി ഇലക്ഷൻ നടപടികൾ നിയന്ത്രിച്ചു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയുടെ പ്രവർത്തനലക്ഷ്യങ്ങളും നയപരിപാടികളും പ്രസിഡന്റ് ബെന്നി പെരികിലത്ത് വിശദീകരിച്ചു.
ഷാജു പോൾ സ്വാഗതവും സെക്രട്ടറി ജോയി ജോൺ പീടിയേക്കൽ നന്ദിയും പറഞ്ഞു.
ഇടുക്കി ജില്ലാ പ്രവാസി ലീഗൽ സെല്ലിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഇടുക്കി ജില്ലയിലെ പ്രവാസികൾ 9778437413, 8921572852 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടെണ്ടതാണ്.
![]()
