ന്യൂഡല്‍ഹി:ആത്മ നിര്‍ഭര്‍ ഭാരത് എന്താണെന്ന് ഓപ്പറേഷന് സിന്ദൂറിലൂടെ തെളിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
രാജ്യം സ്വയം പര്യാപ്തത നേടി കഴിഞ്ഞു. ഏത് ഭീഷണിയും നേരിടാന്‍ രാജ്യം തയ്യാറാണ്. ഇന്ത്യയുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചു.
ഭാരതത്തിന്റെ 79ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഓപറേഷന് സിന്ദൂറിനുശേഷം പാകിസ്താന് ഉറക്കം നഷ്ടപ്പെട്ടെന്നും ആണവായുധം കാട്ടി പാകിസ്താന് ഇന്ത്യയെ വിരട്ടേണ്ടെന്നും അദ്ദേഹം പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപറേഷന് സിന്ദൂറിലൂടെ ഇന്ത്യ ചുട്ടമറുപടി നല്കി. ഇന്ത്യന്‍ സേനക്ക് സര്‍ക്കാര്‍ പൂര്‍ണ സ്വാതന്ത്ര്യം നല്കി. തന്ത്രവും ലക്ഷ്യവും ആക്രമണത്തിന്റെ സമയവും സൈന്യമാണ് തീരുമാനിച്ചത്. സങ്കല്‍പ്പിക്കാനാവാത്ത കാര്യമാണ് സൈന്യം ചെയ്തത്. ശത്രുവിന്റെ മണ്ണിലേക്ക് നൂറുകണക്കിന് കിലോമീറ്ററുകളോളം കടന്നുകയറി ഭീകരരുടെ ആസ്ഥാനം തകര്‍ത്തു.
പാകിസ്താനിലെ നാശം വളരെ വലുതായിരുന്നു.
പാകിസ്താന്റെ ആണവ ഭീഷണി ഇന്ത്യയോടു വേണ്ട, സിന്ധുനദി ജല കരാറില്‍ പുനരാലോചനയില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും മോഡി ഓര്‍മിപ്പിച്ചു. ഭീകരരെയും അവരെ പിന്തുണക്കുന്നവരെയും ഇന്ത്യ വേര്‍തിരിച്ച് കാണില്ല. അയല്‍രാജ്യത്ത് നിന്ന് ഭാവിയില്‍ എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ കടുത്ത തിരിച്ചടി നല്‍കും. ഓപ്പറേഷന് സിന്ദൂര്‍ എന്നത് ഇന്ത്യയുടെ രോഷത്തിന്റെ പ്രകടനമാണെന്നും പ്രതികാരത്തിനുള്ള സമയവും സ്ഥലവും തീരുമാനിച്ച സൈന്യം സങ്കല്‍പ്പിക്കാനാവാത്ത കാര്യമാണ് രാജ്യത്തിനായി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
![]()
