റിയാദ്: ഇരുപത്തി മൂന്ന് വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി) പ്രവർത്തകൻ കുഞ്ഞി മുഹമ്മദ് സാഹിബിന് യാത്രയയപ്പ് നൽകി. ബത്ഹ ശിഫ അൽജസീറ പോളിക്ലിനിക്കിൽ ജോലിചെയ്യുന്ന കുഞ്ഞിമുഹമ്മദ് സാഹിബ് ഇസ്വ്ലാഹീ പ്രബോധന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടൽ നടത്താനും സമയം കണ്ടെത്തുമായിരുന്നു. മലപ്പുറം പയ്യനാട് സ്വദേശിയായ അദ്ദേഹം 10 വർഷം യു.എ.ഈ പ്രവസത്തിന് ശേഷമാണ് റിയാദ് ബത് ഹയിലെ ശിഫ അൽജസീറ ക്ലിനിക്കിൽ എത്തുന്നത്. ചിത്രകലയിൽ പ്രാവീണ്യം തെളിയിച്ച അദ്ദേഹം അറബിക് കാലിഗ്രാഫി, മലയാളം, ഇംഗ്ലീഷ് സൈൻ ബോർഡുകൾ മനോഹരമായി തയാറാക്കാറുണ്ട്. ക്ലിനിക്കിൽ എത്തുന്നവർക്ക് തങ്ങളുടെ സ്വന്തം കുഞ്ഞാക്കയുടെ പുഞ്ചിരിയും സ്നേഹാന്വേഷണങ്ങളും മായാത്ത അനുഭവങ്ങളായിരിക്കും. ആര്.ഐ.സി.സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര ഉപഹാരം സമർപ്പിച്ചു.ബഷീർ കുപ്പോടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹബീബ് സ്വലാഹി മുഖ്യപ്രഭാഷണം നിർവഹിച്ചു. യാസർ അറഫാത്ത്, ശിഹാബ് അലി, അനീസ് എടവണ്ണ തുടങ്ങിയവർ സംസാരിച്ചു.
![]()
