അക്യുപങ്ചർ ചികിത്സയ്ക്കിടെ കുഞ്ഞ് മരിച്ചതിന തുടർന്ന് ഉണ്ടായ വിവാദങ്ങളും കോലാഹലങ്ങളും ഇന്നും അന്തരീക്ഷത്തിൽ തളംകെട്ടി നിൽക്കുന്നുണ്ട്…
ഒരുപാട് പേർ ചോദിക്കുന്നു ..
അലോപ്പതി ചികിത്സയിലും ആളുകൾ ഒരുപാട് മരിക്കുന്നില്ലേ?
പിന്നെന്തിനാണ് അക്യുപങ്ചർ ചികിത്സയിൽ ഒരു കുഞ്ഞ് മരിച്ചത ഇത്രയും വലിയ വിവാദമാവുന്നത്?”
അക്യുപങ്ചർ, ഹോമിയോപ്പതി പോലെയുള്ള മറ്റ് സമാന്തര ചികിത്സാരീതികളിലൂടെ ഒരുപാട് ആളുകൾക്ക് ആശ്വാസം ലഭിക്കുന്നില്ലേ?
പിന്നെ എന്തിനാണ് അതിനെ സ്യൂഡോ സയൻസ് അഥവാ കപട ചികിത്സ എന്ന് വിളിച്ച് ആക്ഷേപിക്കുന്നത്?
ഇത്തരം സമാന്തര ചികിത്സകളെ പോലെ തന്നെ ഒരുപാട് പരിമിതികളും പ്രശ്നങ്ങളും അലോപ്പതിയിലും ഇല്ലേ? എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം/ ഉത്തരം അലോപ്പതിയിൽ ഉണ്ടോ?
നമുക്കൊന്ന് പരിശോധിക്കാം….
“അലോപ്പതിയിൽ ഏതെങ്കിലുമൊരു കാര്യത്തിൽ ഉത്തരം ഉണ്ടായാലും ഇല്ലാതിരുന്നാലും, എല്ലാത്തിനും യുക്തിഭദ്രമായ ശാസ്ത്രീയ മാനദണ്ഡം ഉണ്ടാവും.. ഉണ്ടാവണം…
അഥവാ അങ്ങനെ ഉള്ളതിനെ മാത്രമാണ് മോഡേൺ മെഡിസിൻ അഥവാ അലോപ്പതി എന്ന് പറയുന്നത്.
ഇത് വെറുതെ പറയുന്നതല്ല, മറിച്ചു അതിനെ സയന്റിഫിക് മെത്തഡോളജിയുടെ യാർഡ് സ്റ്റിക്കറുകൾ വെച്ച് അളന്ന് തിട്ടപ്പെടുത്തുകയും വേണം.
എന്നാൽ അക്യുപങ്ചർ അടക്കമുള്ള സ്യൂഡോ സയന്റിഫിക് ചികിത്സാരീതികൾ പറയുന്ന ഉത്തരങ്ങളും ഉത്തരമില്ലായ്മയും എല്ലാം…. “ചക്ക വീണപ്പോൾ മുയല് ചത്തു” എന്ന പോലെ….ഉള്ള കേവലമായ ബാലിശമായ അനുഭവസാക്ഷ്യങ്ങൾ മാത്രമാണ് …..
മിക്ക ദുർ- മന്ത്രവാദികളും, ബ്ലാക്ക് മാജിക് അടക്കം എല്ലാ തട്ടിപ്പ് വീരന്മാരും ജനത്തെ വശീകരിക്കാൻ ഉപയോഗിക്കുന്നത് ഇത്തരം അനുഭവ സാക്ഷ്യ- പുകമറ തന്നെയാണ്. അക്യുപങ്ചർ ഉപയോഗിക്കുന്ന അതേ ലോജിക്ക്.
“ചക്ക വീണപ്പോൾ മുയല് ചത്തു” എന്നതിന്റെ വ്യത്യസ്ത ഡയമെൻഷനുകൾ ആണെന്ന് മാത്രം….
അങ്ങനെയെങ്കിൽ ദുർ- മന്ത്രവാദത്തെയും ഒരു പരമ്പരാഗത / പാരലൽ ചികിത്സാരീതിയായി അംഗീകരിക്കേണ്ടിവരും….
ഒരുപക്ഷേ അക്യുപങ്ചനേക്കാളും ഫോളോവേഴ്സ് ഉണ്ടാവുക അത്തരം രീതികൾക്കും ആയിരിക്കും….
മറ്റു ചിലർ ചോദിക്കുന്നു..
ഇതെല്ലാം മരുന്ന് മാഫിയകളുടെ കമ്പോള- കൊള്ളലാഭം/ നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിക്കാനുള്ള ആയുള്ള പൊറോട്ട നാടകം അല്ലേ എന്ന്?
ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ മാഫിയകൾ ഉണ്ടോ? ഉണ്ടായിരിക്കാം..
ഫാർമ കമ്പനികൾ അലോപ്പതി പോലെ തന്നെ ഒരുപക്ഷേ അതിലും അധികം ആയുർവേദത്തിലും, ഹോമിയോ പോലെ മറ്റെല്ലാ ചികിത്സ ശാഖകളിലും ഉണ്ട്…
അതുകൊണ്ട് ഇത്തരം മരുന്ന് മാഫിയകൾ / കമ്പോളവൽക്കരണം പോലെയുള്ള ക്ലീഷേ ക്യാപ്സ്യൂളുകൾ തൽക്കാലം മാറ്റിവയ്ക്കുക….
ഇവിടെ വിഷയം… ശാസ്ത്രീയ മാനദണ്ഡം ഉണ്ടോ എന്നതാണ്.
അക്യുപങ്ചറിനോ മറ്റുള്ള സമാന്തര ചികിത്സ രീതികൾക്കോ സയന്റിഫിക് തെളിവുകളോ, ക്ലിനിക്കൽ ട്രയലുകളോ ഉണ്ടോ ?
🔍 🔍 സൈന്റിഫിക് ടെമ്പർ പഠിപ്പിക്കുന്നത് എന്ത്?
• ✅ കേവലമായ വ്യക്തിഗത അനുഭവം ശാസ്ത്രീയ തെളിവല്ല.
• ✅ ചികിത്സയുടെ ഫലം തെളിയിക്കപ്പെടുന്നത്:
o ✅ ക്ലിനിക്കൽ ട്രയൽസ്
o ✅ ഡബിൾ ബ്ലൈൻഡ് സ്റ്റഡികൾ
o ✅ റിഗ്രഷൻ അനാലിസിസ്
o ✅ പിയർ റിവ്യൂ ; മുതലായവ വഴിയാണ്.
ഇത്തരം ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെയാണ് വാക്സിൻ എത്തിയതും, എൻജിയോ പ്ലാസ്റ്റി സാധ്യമായതും, കാൻസർ ചികിൽസയിൽ മുന്നേറ്റം സാധിച്ചതും എല്ലാം…
അങ്ങനെ തന്നെയാണ് സമൂഹം നേരിട്ടിരുന്ന പലവിധ ജീവൽ പ്രശ്നങ്ങളെ സമർത്ഥമായി നേരിടാനും, മാരകമായ ആരോഗ്യ ഭീഷണികളിലധികവും വേരോടെ പിഴുതെറിയാനും, മറ്റു പലതിനെ ഫലപ്രദമായി നിയന്ത്രിക്കാനും കഴിഞ്ഞത്. അതോടൊപ്പം, മാനവരാശിയുടെ തന്നെ മുന്നേറ്റത്തിന് ഒരു മുതൽക്കൂട്ടായി, ശിശുമരണ നിരക്ക് ഗണ്യമായി കുറയ്ക്കുന്നത് മുതൽ മനുഷ്യന്റെ ശരാശരി ആയുസ്സ് ഇരട്ടിയിലധികം വർദ്ധിപ്പിച്ചതുവരെ — എല്ലാം ഇത്തരം ശാസ്ത്രീയ ഗവേഷണവും നിരീക്ഷണവുമാണ് രൂപപ്പെടുത്തിയത്.
ഇനി, ആധുനിക വൈദ്യശാസ്ത്രത്തിന് സ്വാഭാവികമായ ചെറിയ തോതിലുള്ള പാർശ്വഫലങ്ങളെ കുറിച്ച് അമിതമായി ബേജാറാകുന്നവർ ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണ് — അത് ഫലപ്രദമായതിനാലാണ് പാർശ്വഫലങ്ങളും ഉണ്ടാവുന്നത്..
ഫലങ്ങളും പാർശ്വഫലങ്ങളും പലപ്പോഴും പരസ്പര പൂരകങ്ങളാണ് എന്നതാണ് സാരം.
മാത്രമല്ല, ഇവയെല്ലാം കൃത്യമായി നിരീക്ഷിക്കുകയും, ശാസ്ത്രീയമായി രേഖപ്പെടുത്തുകയും, അറിവുകൾ സമ്പാദിക്കുകയും ചെയ്യുന്ന ഒരു സംവിധാനം നിലവിലുണ്ടായത്കൊണ്ടാണ് നമ്മൾക്കു ഫലങ്ങളോടൊപ്പം പാർശ്വഫലങ്ങളെയും ചർച്ച ചെയ്യാൻ കഴിയുന്നത്.
എന്നാൽ മറ്റു പല സമാന്തര പ്രാകൃത ചികിത്സാരീതികൾക്ക് ഫലങ്ങളെപ്പറ്റിയോ, അതുപോലെ പാർശ്വഫലങ്ങളെപ്പറ്റിയോ, ശാസ്ത്രീയമായ അറിവോ നിരീക്ഷണങ്ങളോ ഗവേഷണങ്ങളോ ക്ലിനിക്കൽ പഠനങ്ങളോ ഇല്ലാത്തതാണ് വാസ്തവം.
അപ്പോൾ, ഫലങ്ങളെക്കുറിച്ച് പോലും കൃത്യമായി അറിയാത്ത ഒരു ചികിത്സാരീതിയിൽ പാർശ്വഫലങ്ങളെപ്പറ്റി ആർക്കാണ്, എന്താണ് പറയാൻ കഴിയുക?
ഇനി… ഇത്തരം സമാന്തര ചികിത്സാ രീതികളിൽ ശരിക്കും എന്തെങ്കിലും ഗുണ മേന്മ അവകാശപ്പെടാൻ ഉണ്ടെങ്കിൽ, placebo എഫക്ടുകളിൽ അധിഷ്ഠിതമായ അനുഭവസാക്ഷ്യങ്ങളിൽ, കിടന്ന് കേവലമായ കുതിർക്കങ്ങളിൽ, ഒളിഞ്ഞും തെളിഞ്ഞും കറങ്ങി തിരിയാതെ,
അത് സ്വതന്ത്രമായ ശാസ്ത്രീയ ഗവേഷണങ്ങളിലൂടെ, കൃത്യമായ ക്ലിനിക്കൽ ട്രയലുകളിലൂടെ, സ്റ്റാറ്റിസ്റ്റിക്കൽ നിരീക്ഷണങ്ങളിലൂടെ, ശാസ്ത്രത്തിൻറെ എല്ലാ അളവുകോലും ഉപയോഗിച്ച് അളന്ന് തിട്ടപ്പെടുത്തി തെളിയിച്ചെടുക്കാൻ ഉള്ള വ്യവസ്ഥാപിതമായ ശ്രമങ്ങളാണ് നടക്കേണ്ടത്…..
കാരണം ശാസ്ത്രീയ മാനദണ്ഡങ്ങളിലൂടെ ഉരുത്തിരിയുന്ന യുക്തിഭദ്രമായ പഠനങ്ങളും നിരീക്ഷണങ്ങളും, നിഗമനങ്ങളും, ഒരു അലോപ്പതിക്കാരന്റെയും, മരുന്നു മാഫിയയുടെയും കുത്തകയല്ല….
കാരണം,
ഈ ലോകം നൂറ്റാണ്ടുകളായി ശാസ്ത്രീയ മാനദണ്ഡത്തില കെട്ടി പടുത്ത വ്യവസ്ഥിതിയിൽ ആണ് അനുദിനം മുന്നേറുന്നത്..
അല്ലെങ്കിൽ നമ്മുടെ ജീവിതം ഇന്നത്തെ രൂപത്തിൽ ആകുമായിരുന്നില്ല.
ശാസ്ത്രം വേണ്ട… ശാസ്ത്രീയ മാനദണ്ഡം വേണ്ട… “ചക്ക വീണ പോലത്തെ” (accidental coincidence) അനുഭവസാക്ഷ്യങ്ങൾ മാത്രം മതി, എന്ന് ആരെങ്കിലും ശാഠ്യം പിടിക്കുകയാണെങ്കിൽ, മോഡേൺ മെഡിസിനോട് ഒപ്പം തന്നെ,
ആദ്യം ശാസ്ത്രം കണ്ടെത്തിയ എല്ലാ നിയമങ്ങളേയും, വ്യവസ്ഥിതികളെയും തള്ളിക്കളയേണ്ടി വരും.
എന്നിട്ട് അതിനു പകരമായി എല്ലാ പ്രാപഞ്ചിക/ പ്രകൃതി പ്രതിഭാസങ്ങളെയും വിശദീകരിക്കാൻ മറ്റെന്തെങ്കിലും കൊണ്ടു വരികയും വേണം….
• മറ്റൊരു തരത്തിൽ പറഞ്ഞല്
• പണ്ട് ഐസക് ന്യൂട്ടന്റെ തലയിൽ വീണു എന്ന് പറയപ്പെടുന്ന ആപ്പിൾ, മരത്തിൽ നിന്ന് താഴോട്ട് പോകാതെ മേലോട്ട് പോകണം എന്നർത്ഥം
• ആർക്കിമിഡിസിന്റെ നിയമങ്ങളും, ന്യൂട്ടനിന്റെ ഗ്രാവിറ്റി തിയറിയും പൊളിച്ച് മാറ്റണം.
• വൈദ്യുതി, ടെലിഫോൺ, ഇന്റർനെറ്റ് എന്നിവയുടെ സിദ്ധാന്തങ്ങളെ അതിനൊപ്പം തള്ളിക്കളയണം.
അതൊക്കെ സാധ്യമാകുമോ?
“അങ്ങനെയാവുമ്പോൾ നമ്മൾക്ക് ഈ സൂഡോ സയന്റിഫിക് ചികിത്സാരീതികൾ പറയുന്നതൊക്കെ അംഗീകരിക്കാം..
അതുവരെ തൽക്കാലം വേറെ രക്ഷയില്ല…. 🙏🏽🙏🏽🙏🏽
PK മുസ്തഫ മാനന്തേരി, റിയാദ്..
![]()
