പാണ്ടിക്കാട് : 2025 പ്ലസ്ടു പരീക്ഷാ ഫലം വന്നപ്പോൾ മിന്നുന്ന ജയം കരസ്ഥമാക്കി പാണ്ടിക്കാട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ. അഞ്ചു വ്യത്യസ്ത കോമ്പിനേഷനുകളിലായി ഏഴ് ബാച്ച് പ്ലസ്ടു വിദ്യാർത്ഥികളുടെ പരീക്ഷാഫലം വന്നപ്പോൾ ഇരുപത്തി അഞ്ച് വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി. അൻപത്തിയാറ് വിദ്യാർത്ഥികളാണ് തൊണ്ണൂറ് ശതമാനത്തിനു മേൽ മാർക്കു നേടി തിളക്കമാർന്ന വിജയം നേടിയത്. സംസ്ഥാനത്തൊട്ടാകെ ഹയർ സെക്കണ്ടറി പരീക്ഷാ ഫലത്തിലും എപ്ലസ് എണ്ണത്തിലും കുറവുവന്നപ്പോൾ പാണ്ടിക്കാട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ മികച്ച വിജയശതമാനം നില നിർത്തി. സയൻസ് വിഭാഗത്തിൽ 84 ശതമാനവും ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 82 ശതമാനവും കൊമേഴ്സ് വിഭാഗത്തിൽ 64 ശതമാനവും വിദ്യാർത്ഥികൾ ഉന്നത പഠനത്തിന് യോഗ്യത നേടി.
ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്ന വിദ്യാലയങ്ങളിലൊന്നായ പാണ്ടിക്കാട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ അഭിമാനാർഹമായ വിജയത്തിൻ്റെ സന്തോഷം പങ്കിടാൻ സ്കൂൾ പി ടി എ , എസ് എം സി , സ്റ്റാഫ് കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ നിറപ്പൊലിമയോടെ വിജയാരവം സംഘടിപ്പിച്ചു.
സന്തോഷ സൂചകമായി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും പി ടി എ , എസ് എം സി , പൂർവ്വവിദ്യാർത്ഥി പ്രതിനിധികൾ അടക്കം ഒത്തുചേർന്ന് കേക്ക് മുറിച്ചും മധുരം പങ്കിട്ടും വിജയികൾക്കുള്ള പുരസ്കാരങ്ങൾ സമ്മാനിച്ചു.
വിജയാരവ ചടങ്ങിന് പ്രിൻസിപ്പൽ ഇൻ ചാർജ് മുഹമ്മദ് സിയാവുദ്ദീൻ സി , പി ടി എ പ്രസിഡൻ്റ് എം കെ കുഞ്ഞി മുഹമ്മദ് , എസ് എം സി ചെയർമാൻ ഉമ്മർ മാസ്റ്റർ , എച്ച് എം ഇൻ ചാർജ് ഇ എം ഉണ്ണികൃഷ്ണൻ , പി ടി എ വൈസ് പ്രസിഡൻ്റ് അഷ്റഫ് പിലാക്കൽ , എസ് എം സി വൈസ് ചെയർമാൻ സക്കീർ പൊടുവണ്ണി , പൂർവ്വ വിദ്യാർത്ഥി പ്രതിനിധി സുബൈർ മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ടി എസ് ഡാനിഷ്, അധ്യാപകരായ പ്രസാദ്, ശിവപ്രകാശ് , അഫ്സൽ , സുജ , ഷംസുന്നിസ , ഷീബ , അനീഷ് കുമാർ, അജേഷ് എം വി , ഓമന , മുഹമ്മദ് അൻസാർ, അജേഷ് എ , ഭാഗ്യജിത്ത്, ബിന്ദു എന്നിവർ നേതൃത്വം നൽകി.
![]()
