റിയാദ് :സൗദിയിലെ ഏറ്റവും വലിയ മാമ്പഴ മേളയുമായി ലുലു. ലുലു ഹൈപ്പർമാർക്കറ്റുകളുടെ നേതൃത്വത്തിൽ നടക്കുന്ന ലുലു മാംഗോ മാനിയ മെയ് പത്തിന് അവസാനിക്കും. ജിദ്ദയിലുള്ള ഇന്ത്യൻ കോൺസുൽ ജനറൽ ഹിസ് എക്സലൻസി ഫഹദ് അഹമ്മദ് ഖാൻ സുരി ലുലു മാംഗോ മാനിയ ഉദ്ഘാടനം ചെയ്തു.
പന്ത്രണ്ട് രാജ്യങ്ങളിൽ നിന്നായി എത്തിച്ച 119 മാമ്പഴ വൈവിധ്യങ്ങളാണ് ലുലു മാംഗോ മാനിയയെ ശ്രദ്ധേയമാക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള അറുപതും സൗദി അറേബ്യയിൽ നിന്നുള്ള ഇരുപത്തി നാലും വ്യത്യസ്ത മാമ്പഴയിനങ്ങൾ ഇതിലുൾപ്പെടുന്നു. ഇതിന് പുറമെ വിയറ്റ്നാം, മലേഷ്യ, തായ്ലൻഡ്, ഇൻഡോനേഷ്യ, യെമൻ, ഉഗാണ്ട, കെനിയ, കൊളംബിയ, പെറു തുടങ്ങിയ രാജ്യങ്ങളിലെ അപൂർവ്വവും കൊതിയൂറുന്നതുമായി മാമ്പഴ ഇനങ്ങളും ലുലു മാംഗോ മാനിയ പവലിയനുകളിലുണ്ട്.
മാമ്പഴ മേള എന്നതിലുപരി ഒരു അതുല്യ സാംസ്കാരത്തിൻ്റെ പ്രദർശനമാണ് ലുലു മാംഗോ മാനിയ എന്ന് കോൺസുൽ ജനറൽ അഭിപ്രായപ്പെട്ടു. മാമ്പഴങ്ങളുടെ മഹത്തായ പാരമ്പര്യത്തെ ഇന്ത്യൻ മണ്ണിൽ നിന്ന് സൗദിയിൽ കൊണ്ടുവന്ന ലുലുവിനെ അദ്ദേഹം അഭിന്ദിച്ചു. മാമ്പഴ രുചികളും പാരമ്പര്യവും സമന്വയിപ്പിക്കുന്നതാണ് ലുലു മാംഗോ മാനിയ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ഏറ്റവും വലിയ മാമ്പഴ മേളകളിലൊന്നായ ലുലു മാംഗോ മാനിയയ്ക്ക് പ്രത്യേകതകൾ ഏറെയാണ്. മാമ്പഴങ്ങൾക്ക് പുറമെ മാമ്പഴ വിഭവങ്ങളുടെ നീണ്ട നിരയാണ് അതിലൊന്ന്. ലുലു ഹൈപ്പർമാർക്കറ്റുകളിലെ ഹോട്ട് ഫുഡ് – കോൾഡ് ഫുഡ് കൗണ്ടറുകളിൽ പ്രത്യേകമായി സജ്ജീകരിച്ച പവലിയനുകളിലാണ് മാമ്പഴ പ്രേമികളെ കാത്ത് വ്യത്യസ്ത രുചി വൈവിധ്യങ്ങളുള്ളത്. മാംഗോ ചിക്കൻ കറി, മാംഗോ ഫിഷ് കറി മുതൽ മാംഗോ സ്മൂത്തികൾ വരെ നീളുന്ന പുത്തൻ മാമ്പഴ രുചിക്കൂട്ടുകളാണ് ലുലു മാംഗോ മാനിയയിലുള്ളത്. മാമ്പഴം കൊണ്ടുള്ള പുഡ്ഡിംഗുകൾ, ചീസ് കേക്ക്, പേസ്ട്രീസ് തുടങ്ങി മാമ്പഴ ഡെസർട് വിഭാഗത്തിലും വ്യത്യസ്ത വിഭവങ്ങൾ ഒരുക്കിയിട്ടുണ്ട്.
സൗദി മണ്ണിൽ വീണ്ടും ലുലുവിൻ്റെ ഏറ്റവും ട്രെൻഡിംഗ് മാംഗോ മാനിയ എത്തിക്കാൻ സാധിച്ചതിൽ അത്യധികം സന്തോഷിക്കുന്നതായി സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റ്സ് ഡയറക്ടർ ഷെഹിം മുഹമ്മദ് പറഞ്ഞു. ആരോഗ്യവും, രുചിയും, സന്തോഷവും ഒരുമിപ്പിക്കുന്നതാണ് ലുലു മാംഗോ മാനിയ. സൗദിയിൽ തന്നെ ഉണ്ടാകുന്ന മാമ്പഴ വൈവിധ്യങ്ങൾ ലോകത്തിന് മുന്നിലെത്തിക്കാൻ സാധിച്ചത് പ്രാദേശിക കൃഷിയെ തുടർച്ചയായി പ്രോത്സാഹിപ്പിക്കുന്ന ലുലുവിൻ്റെ അടിയുറച്ച പ്രതിബദ്ധതയെയാണ് കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
![]()
