ജിദ്ദ: മാനേജ്മെന്റ് സ്കിൽ ഡെവലപ്പ്മെന്റ് പരിശീലന വേദിയായ അംബാസഡർ ടാലന്റ് അക്കാദമി പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. കഴിഞ്ഞ ആറു വർഷത്തിലധികമായി ജിദ്ദയിലെ മലയാളി സമൂഹത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പരിശീലനകളരിയാണ് അംബാസഡർ ടാലന്റ് അക്കാദമി. ഈ കാലയളവിൽ ഇവിടെ നിന്നും പരിശീലനം ലഭിച്ചവരും പുതിയതായി ആഗ്രഹിക്കുന്നവരും സംഗമത്തിൽ പങ്കെടുത്തു. തൊഴിൽ നൈപുണി പരിശീലനവും ഫലപ്രദമായ ആശയ വിനിമയ പരിശീലനവുമാണ് എ.ടി.എ നൽകുന്നത്.
അക്കാദമി ചീഫ് ഫാക്കൽറ്റി നസീർ വാവാക്കുഞ്ഞ് അധ്യക്ഷനായിരുന്നു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസുൾപ്പടെയുള്ള ടെക്നോളജിയുടെയും മറ്റു ശാസ്ത്ര പുരോഗതിയുടേയും ഉപയുക്തതയിൽഅതിവേഗം വളരുന്ന ലോകത്തിൽ ആശയ വിനിമയങ്ങളിലും ടെക്നോളജി വിദ്യാഭ്യാസവും നേടുന്നതിനൊപ്പം നൈപുണ്യ വികസനവും നേടിയെടുക്കണമെന്ന് സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ചാപ്റ്റർ കോർഡിനേറ്റർ ഷംസുദീൻ കണ്ണൂർ സ്വാഗതവും എഞ്ചി. സെയ്ദ് അൻവർ സാദത്ത് നന്ദിയും രേഖപ്പെടുത്തി. നൗഷാദ് താഴത്തു വീട്ടിൽ, അബൂബക്കർ കോഴിക്കോട്, മൊയ്ദീൻ, നാസർ വേങ്ങര, അഷ്റഫ് പട്ടാരി, അബ്ദുൽ നാസർ കോഴിക്കോട്, തൂടങ്ങിയവർ സംസാരിച്ചു. എ.ടി.എ പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗാനസന്ധ്യ സംഗമത്തിന് കൊഴുപ്പേകി. എ.ടി.എ ഗ്ലോബൽ കോർഡിനേറ്ററും മെക് 7 ഗ്ലോബൽ കോർഡിനേറ്ററുമായ മുസ്തഫ കെ.ടി. പെരുവള്ളൂരിനെ ചടങ്ങിൽ ആദരിച്ചു. മുജീബ് പാറക്കൽ, റാഫി നിലമ്പൂർ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.
![]()
