റിയാദ് :ലോക പുസ്തകദിനത്തിൽ സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ ‘സാഹിതീയം ’ പുസ്തകാവതരണവും ചർച്ചയും സംഘടിപ്പിച്ചു.
വായന മരിക്കുന്നു എന്നു വിലാപമുയരുന്ന ഈ കാലത്ത്, പുസ്തകപ്രേമികൾ ഏറെ ആവേശത്തോടെ ആഘോഷിക്കുന്ന പുസ്തക ദിനത്തിൽ, പശ്ചാത്തലത്തിലും, എഴുത്തിലുമെല്ലാം തികച്ചും വ്യത്യസ്തങ്ങളായ രണ്ടു പുസ്തകങ്ങൾ ആണ് അവതരിപ്പിക്കപ്പെട്ടത്.
ജമ്മു കാശ്മീരിലെ പഹൽഗാമിൽ ,ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് മൗനചാരണത്തോടെ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് യോഗം ആരംഭിച്ചത്. മനുഷ്യസ്നേഹത്തിന്റെ മൂർത്തീഭാവം, കഴിഞ്ഞ ദിവസം വിട പറഞ്ഞ
ആഗോള കത്തോലിക്കാ സഭയുടെ അദ്ധ്യക്ഷൻ പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് യോഗം ബാഷ്പ്പാഞ്ജലികൾ അർപ്പിച്ചു.
പുസ്തകപരിചയത്തിൽ, വിശ്വവിഖ്യാത അമേരിക്കൻ സാഹിത്യകാരൻ മാർക്ക് ട്വയിന്റെ ‘ദി പ്രിൻസ് ആൻഡ് ദി പോപ്പർ ’എന്ന പുസ്തകം കല്ല്യാണി ബിനുവും, പത്രപ്രവർത്തകനും, എഴുത്തുകാരനുമായ നിസാർ പുതുവനയുടെ ‘വെറുപ്പ് ’എന്ന പുസ്തകം സീനത്ത് സാജിദും അവതരിപ്പിച്ചു . സാഹിത്യലോകത്ത് എന്നും ഒരു ക്ലാസ്സിക് നോവൽ എന്ന്. വിശേഷിപ്പിക്കപ്പെടുന്ന, 1881 ഇൽ കാനഡയിൽ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട പ്രിൻസ് ആൻഡ് ദി പോപ്പർ എന്ന പുസ്തകം വായിച്ചിട്ടുള്ളവർക്കും, ആ പുസ്തകത്തെ ഓർമ്മിച്ചെടുക്കാനുള്ള അവസരമായി പുസ്തകാവതരണം മാറി. ധനികനായ വെയിൽസ് രാജകുമാരൻ എഡ്വാർഡ് ട്യൂട്ലറിന്റെയും, ദരിദ്ര ബലനായ ടോം കാൻഡിയുടെയും കഥ ഏറെ രസകരവും, ഹൃദ്യവുമായി ഗായിക കൂടിയായ കുമാരി കല്ല്യാണി ബിനു സദസിനു മുൻപിൽ അവതരിപ്പിച്ചു. ലോകമാകമാനം വെറുപ്പിന്റെ കണങ്ങൾ അസമാധാനവും, അശാന്തിയും വിതയ്ക്കുന്ന ഇന്നത്തെ കാലത്ത് ഏറെ പ്രസക്തമായ വെറുപ്പ് ‘ എന്ന പുസ്തകം അവതരിപ്പിക്കപ്പെട്ടതും ഏറെ ശ്രദ്ധേയമായി. പരസ്പരം കൊന്നും കൊലവിളിച്ചും, മതവർഗ്ഗീയശക്തികൾ, സമൂഹത്തിൽ ആകമാനം വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുമ്പോൾ, സഹജീവിസ്നേഹം കൊണ്ട് വെറുപ്പിനെ നേരിട്ട്, ഒരു പുതുലോകം നിർമ്മിക്കേണ്ടതിന്റെ ആവശ്യകത, അദ്ധ്യാപികയും എഴുത്തുകാരിയുമായ ശ്രീമതി സീനത്ത് സാജിദ് പുസ്തകം അവതരിപ്പിച്ചുകൊണ്ട് എടുത്തു പറഞ്ഞു.
സൗദി മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായ പരിപാടിയിൽ ബിനു കുഞ്ഞ് മോഡറേറ്റർ ആയിരുന്നു. കിഴക്കൻ പ്രവിശ്യയിലെ സാംസ്കാരിക സാഹിത്യ രംഗങ്ങളിലെ ശ്രദ്ധേയരായ മാത്തുകുട്ടി പള്ളിപ്പാട്, ഇഖ്ബാൽ വെളിയങ്കോട് ,ലുഖ്മാൻ വിളത്തൂർ, നവാസ് കട്ടച്ചിറ, മുസ്തഫ മുക്കൂട് ,അനിൽ റഹിമ, സജിത്ത്, ജയൻ ജോസഫ്, സൈനു കുമളി ,സബിതാ നസീർ, നജുമുസമാൻ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഷനീബ് അബൂബക്കർ, നജുമുസമാൻ കുളങ്ങരത്തൊടി എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ, മുരളീധരൻ നായർ, ആസിഫ് താനൂർ, മുഷാൽ തഞ്ചേരി, ഫബിനാ നജ്മുസമാൻ, ഷാജു അഞ്ചേരി, ബൈജുരാജ്, അസ്ഹർ, ബൈജു കുട്ടനാട്, റൗഫ് ചാവക്കാട് ,നിഖിൽ മുരളീധരൻ, സുന്ദരൻ മണ്ണാർക്കാട് എന്നിവർ സജീവമായി പങ്കുചേർന്നു. ജോയ് തോമസ് ആലപിച്ച കവിതയും, അനിൽ രഹിമയുടെ യാത്രാവിവരണവും ചടങ്ങിന് ആമുഖമായി അരങ്ങേറി. ഡോക്ടർ സിന്ധു ബിനു ചടങ്ങിന് സ്വാഗതവും, നസീർ പുന്നപ്ര നന്ദിയും പറഞ്ഞു .
![]()
