അൽ ഖോബാർ : ഒ ഐ സി സി അൽഖോബാർ ഏരിയ കമ്മിറ്റിയുടെ വാർഷിക ആഘോഷം “വിസ്മയസന്ധ്യ”യിൽ മുഖ്യ അതിഥിയായി ഷാഫി പറമ്പിൽ എം പി പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഫെബ്രുവരി 21 ന് വെള്ളിയാഴ്ച്ച അൽഖോബാറിലെ ഹാബിറ്റാറ്റ് ഹോട്ടലിൽ വൈകിയിട്ട് 5 മണിമുതൽ സംഗീത, നൃത്ത, സാംസ്കാരിക സമ്മേളനത്തോടെയാണ് വാര്ഷികം.
ഫെബ്രുവരി 18ന് സൗദിയിലെ ജിദ്ദയിൽ എത്തുന്ന ഷാഫി പറമ്പിൽ ജിദ്ദ, മക്ക, മദീന, അബഹ, റിയാദ് എന്നി വിടങ്ങളിൽ വ്യത്യസ്ത പരിപാടികളിൽ പങ്കെടുത്ത് ഫെബ്രുവരി 21 വൈകിയിട്ട് ദമ്മാം എയർപോർട്ടിൽ എത്തിച്ചേരുന്നതാണ്.
അന്നേദിവസം വൈകിയിട്ട് 5മണിക്ക് കിഴക്കൻ പ്രവിശ്യയിലെ മുതിർന്ന കലാകാരന്മാർ ഒരുക്കുന്ന സംഗീത നൃത്ത കലാ വിരുന്നോടെ വാർഷിക ആഘോഷം ആരംഭിക്കുന്നു. ഏഴേ മുപ്പതിന് ആരംഭിക്കുന്ന സാസ്കാരിക സമ്മേളനത്തിൽ ഒഐസിസി അൽ ഖോബാർ ഏരിയ കമ്മിറ്റി പ്രസിഡണ്ട് എ കെ സജൂബ് അധ്യക്ഷതവഹിക്കും, ഒഐസിസി കിഴക്കൻ പ്രവിശ്യാ കമ്മിറ്റിയുടെ പ്രസിഡണ്ട് ഇ കെ സലിം സമ്മേളനം ഉൽഘാടനം ചെയ്യും .വർത്തമാന കാല ഇന്ത്യൻ രാഷ്ട്രീയത്തെകുറിച്ച് ഷാഫി പറമ്പിൽ പ്രവാസി മലയാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതാണ്.
ഒഐസിസി അൽ ഖോബാർ ഏരിയ കമ്മിറ്റി ബിസിനസ്സ് എക്സലൻസി അവാർഡ് കമ്മിറ്റി തിരെഞ്ഞെടുത്ത അഞ്ചു ബിസിനസ്സ് അവാർഡ് ദാനവും സംരംഭകരെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കുന്നതാണ്.
വാർത്ത സമ്മേളനത്തിൽ ഒഐസിസി അൽ ഖോബാർ ഏരിയ കമ്മിറ്റി പ്രസിഡന്റ് എ കെ സജൂബ്, വൈസ് പ്രസിഡന്റ് സുബൈർ പാറക്കൽ, ജനറൽ സെക്രട്ടറി രാജേഷ് ആറ്റുവ, ട്രഷറർ ഷൈൻ കരുനാഗപ്പള്ളി, ഗ്ലോബൽ കമ്മിറ്റി പ്രതിനിധി ജോൺ കോശി, റീജിയണൽ ജനറൽ സെക്രട്ടറിയും പ്രിയദർശിനി പബ്ലികേഷൻ സൊസൈറ്റി സൗദി അക്കാദമിക് കൗൺസിൽ കോർഡിനേറ്ററുമായ സക്കീർ പറമ്പിൽ എന്നിവർ പങ്കെടുത്തു.
![]()
