റിയാദ്: കേരള എഞ്ചിനിയേഴ്സ് ഫോറം റിയാദ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍, സൗദിയിലെ പുതു സംരംഭകങ്ങള്‍ ആരംഭിക്കാനുദ്ദേശിക്കുന്ന മലയാളി എന്‍ജിനീയര്‍മാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്കാന് സ്റ്റാര്‍ട്ട്ആപ്പ് ബ്ലൂ പ്രിന്റ് പരിപാടി സംഘടിപ്പിച്ചു. മലാസിലെ അല്‍ യാസ്മിന് ഇന്റര്‍നാഷനല്‍ സ്കൂളില്‍ നടന്ന പരിപാടിയില്‍ മേഖലയില്‍ കഴിവ് തെളിയിച്ച വിവിധ സംരഭകരുടെ സാന്നിധ്യം പരിപാടിക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.ചടങ്ങില്‍ കെ ഇ എഫ് റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് അബ്ദുല്‍ നിസാര്‍ അധ്യക്ഷത വഹിച്ചു.
പ്രഗല്ഭരായ സംരഭകരെ ഉള്‍പ്പെടുത്തി നടത്തിയ പാനല്‍ ചര്‍ച്ച ധാരാളം അറിവ് പകരുന്ന അനുഭവമായി. 150 ഓളം ഫോറം അംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ കെ ഇ എഫ് അംഗവും സര്‍ട്ടിഫൈഡ് ട്രെയ്നറുമായ അമ്മാര്‍ മലയില്‍ നടത്തിയ പ്രസന്റേഷന് സംരംഭകര്‍ക്ക് പ്രചോദനമേകുന്നതായി. സംരഭകത്വത്തിന്റെ ശാസ്ത്രീയ വശങ്ങളും ബ്രാന്‍ഡ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങള്‍ വിശദമായി അവതരിപ്പിച്ചു. പരിപാടിയിലെ മുഖ്യ ആകര്‍ഷണമായ പാനല്‍ ചര്‍ച്ച സുഹാസ് ചെപ്പള്ളി നിയന്ത്രിച്ചു. താസ് ആൻഡ് ഹംജിത് കമ്പനി ഡയറക്ടര്‍ സിഎംഎ മുഹമ്മദ് സലാം, ബിസ്ജെറ്റ് ഇന്റര്‍നാഷനല്‍ സി ഇ ഒ അമീന് അക്ബര്‍, സ്ത്രീ സംരംഭക വഹാബ് ഖത്തര്‍ സ്ഥാപകയും എം ഡി യുമായ വര്‍ധ മാമുക്കോയ, റവാബി ആൻഡ് സള്‍ഫെക്സ് ഗ്രൂപ്പ് എം ഡി മുഹമ്മദ് കുഞ്ഞി, ക്യൂനേട്സ് സി ഇ ഒ മുഹമ്മദ് റിഷാന് എന്നിവര്‍ പങ്കെടുത്തു. എഞ്ചിനീയറിംഗ് മേഖലയിലെ സംരംഭക സാധ്യതകള്‍ വിശദീകരിച്ചതോടൊപ്പം അനുഭവത്തിന്റെ വെളിച്ചത്തിലുളള ഉപദേശങ്ങള്‍ പുതു സംരംഭക സ്വപ്നങ്ങള്‍ക്ക് വെളിച്ചം പകരുന്നതായിരുന്നു.
ഖത്തറില്‍ ബിസിനസ്സ് ആരംഭിച്ചപ്പോള്‍ അനുഭവിച്ച വെല്ലുവിളികളും ഒരു സംരംഭത്തിന് വേണ്ടുന്ന ടീം വര്‍ക്കും വര്‍ധ എടുത്തു പറഞ്ഞു. ഒരു ജീവനക്കാരന് ആവുന്നതിലുപരി എപ്പോഴും ഒരു സംരഭകനാവാനുള്ള സ്വപ്നമാണ് തന്നെ ബിസിനസ്ക്കാരനിലേക്ക് എത്തിച്ചതെന്ന് 19 ാം വയസ്സില്‍ ആദ്യ സംരഭം ആരംഭിച്ച അമീര്‍ അക്ബര്‍ വെളിപ്പെടുത്തി. സൗദിയില്‍ വരാനിരിക്കുന്ന വിഷന്‍ 2030, ഫുട്ബോള്‍ വേള്‍ഡ്കപ്പ് എന്നിവയുടെ വീക്ഷണത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ സംരംഭക സാധ്യതയുള്ള രാജ്യം സൗദി തന്നെയാണെന്ന് താസ് ആൻഡ് ഹംജിത്ത് ഡയറക്ടര്‍ സിഎംഎ മുഹമ്മദ് സലാം കൂട്ടിച്ചേര്‍ത്തു. ബിസിനസ് സംരംഭകങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍ പരിപാടിയിലെ യുവ പാനലിസ്റ്റ് മുഹമ്മദ് റിഷാന് വിവരിച്ചു. ഒരു സംരഭകനു വേണ്ട വൈദഗ്ദ്ധ്യവും എല്ലാ മേഖലയിലെയും അറിവുകളും ബിസിനസ്സിന് എത്രത്തോളം ഗുണം ചെയ്യുമെന്ന് റവാബി & സള്‍ഫെക്സ് എം ഡി അദ്ദേഹത്തിന്റെ ദീര്‍ഘകാല അനുഭവങ്ങളിലൂടെ വിശദീകരിച്ചു
പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വിശിഷ്ടാതിഥികള്‍ക്ക് കെ ഇ എഫിന്റെ മെമന്റോ കൈമാറി ആദരിച്ചു. അതോടൊപ്പം കെ ഇ എഫ് റിയാദിന്റെ മുതിര്‍ന്ന അംഗവും വിഷന്‍ 2030 പ്രോജക്റ്റുകളുടെ നേതൃസ്ഥാനം വഹിക്കുന്ന നൗഷാദലി, റിയാദ്, അബുദാബി, സ്വീഡന് മരത്തോണുകളില് പങ്കെടുത്ത അജീഷ് ഹബീബ് എന്നിവരെയും ആദരിച്ചു. 2025 വര്‍ഷത്തേക്കുള്ള കെ ഇ എഫ് അംഗത്വ കാമ്പയിനും ചടങ്ങിനോപ്പം നടന്നു.
ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍പേഴ്സണ്‍ ഷഹനാസ് അബ്ദുല്‍ ജലീല്‍, എഞ്ചിനീയറിംഗ് മേഖലയില്‍ കഴിവ് തെളിയിച്ച അമീര്‍ ഖാന് (സൈബര്‍ സെക്യൂരിറ്റി എഞ്ചിനീയര്‍-ട്രെന്റ് മൈക്രോ), റയീസ് തൂമ്പത്ത് (പ്രോജക്ട് കണ്ട്രോള് എന്‍ജിനീയര്‍-മതാര്ത്ത ഹോള്‍ഡിങ്) എന്നിവര്‍ക്ക് എക്സിക്യൂട്ടീവ് അംഗം ജോജി ജോസഫ് മെമ്പര്‍ഷിപ്പ് ഡിജിറ്റല്‍ ഐ ഡി കൈമാറി കാമ്പയിന് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം അംഗത്വം കൂടുതല്‍ ആളുകളിലേക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കെ ഇ എഫ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2025 ലെ ആദ്യ പരിപാടി ആയിരുന്നു സ്റ്റാര്‍ട്ട്അപ്പ് ബ്ലൂ പ്രിന്റ്. പരിപാടി ആദ്യാവസാനം വരെ എക്സിക്യൂട്ടീവ് അംഗം ജിയ ജോസ് നിയന്ത്രിച്ചു. സെക്രട്ടറി മുഹമ്മദ് ഹഫീസ്, വൈസ് പ്രസിഡന്റ് ആഷിക് പാണ്ടികശാല, ട്രഷറര്‍ മുഹമ്മദ് ഷെബിന്‍, നിഹാദ് അന്‍വര്‍ കൂടാതെ മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും സജീവമായി പങ്കെടുത്തു. വൈസ് പ്രീഡിഡന്റ് ഷഫാന മെഹ്റു മന്‍സില്‍ നന്ദി പറഞ്ഞു.
കെ ഇ എഫ് അംഗങ്ങളുടെ കായികാഭിനിവേശങ്ങള്ക്ക് ഉണര്‍വേകി ഫുട്ബോള്‍ ടീം ജേഴ്സി അവതരിപ്പിച്ചു. സംഘടനയിലെ മികച്ച കാല്പന്ത് കളിക്കാരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കിയാണ് ടീം രൂപീകരിച്ചതെന്ന് സ്പോര്‍ട്സ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ടീം മാനേജര്‍ നവാസ് എന്‍ പി , ക്യാപ്റ്റന്‍ റമീസ് നൂര്‍മഹല്‍ എന്നിവരും സാന്നിധ്യമറിയിച്ചു. റിയാദിലെ മികച്ച ഫുട്ബോള്‍ ടീമായി കെ ഇ എഫ് ടീമിനെ വളര്‍ത്തിയെടുക്കുമെന്ന പരിശീലകന്റെ വാക്കുകള്‍ കളിക്കാര്‍ക്ക് ആത്മവിശ്വാസം നല്കി.
![]()
