കായംകുളം: വൈദ്യുതി ചാർജ് വർധനക്കെതിരെ വെൽഫെയർ പാർട്ടി പ്രവർത്തകർ കായംകുളം ടൗണിൽ പ്രതിഷേധ മാർച്ച് നടത്തി. ഓ.എൻ .കെ ജംഗ്ഷനിൽ നിന്നുമാരംഭിച്ച മാർച്ച് കെ.എസ്.ആർ.ടി.സി ബസ്റ്റാൻ്റ് വഴി ലിങ്ക് റോഡിൽ സമാപിച്ചു.
തുടർന്ന് നടന്ന പ്രതിഷേധയോഗം ജില്ലാ പ്രസിഡന്റ് എം.എച്ച്.ഉവൈസ് ഉദ്ഘാടനം ചെയ്തു.
കെട്ടിട നികുതിയും മറ്റു നികുതികളും കുത്തനെ കൂട്ടിയതും അവശ്യ സാധനങ്ങളുടെ വില ക്രമാതീതമായി വർധിക്കുകയും ചെയ്ത കാലത്ത് വൈദ്യുതി നിരക്ക് കൂട്ടിയത് അന്യായവും ജനദ്രോഹകരവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ കമ്മിറ്റിയംഗങ്ങളായ അൻസാദ് അമ്പഴ, കെ.എ.വാഹിദ് മാസ്റ്റർ, മണ്ഡലം പ്രസിഡന്റ് മുബീർ . എസ്. ഓടനാട്, ജനറൽ സെക്രട്ടറി നവാസ് ആലയിൽ തുടങ്ങിയവർ സംസാരിച്ചു.
വെൽഫെയർ പാർട്ടി കായംകുളം മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് സക്കീർ ഹുസൈൻ പൊന്നാരം, മുഹമ്മദ് കുഞ്ഞ്, നസീർ ഹമീദ്, മഹമൂദ്, റാഷിദ് ഓടനാട്, അനസ് പുതുവന എന്നിവർ നേതൃത്വം നൽകി.
![]()
