റിയാദ്: റിയാദിലെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിൽ ‘പ്രവാസി പരിചയ്’ സാംസ്കാരിക വാരാഘോഷത്തിന് തുടക്കമായി. കേരളം, യു.പി., ജമ്മുകശ്മീര്‍, ഹരിയാന, ദല്‍ഹി, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളുടെ തനത് കലാരൂപങ്ങളുടെ അവതരണത്തോടെയായിരുന്നു അരങ്ങേറ്റം.
ഇന്ത്യന്‍ ചിത്രകാരികളുടെ ചിത്രപ്രദര്‍ശനം, വിധ സംസ്ഥാനങ്ങളുടെ തനത് പാരമ്പര്യ കലാരൂപങ്ങളുടെ അവതരണം ഇന്ത്യന്‍ സാംസ്കാരിക വൈവിധ്യത്തിന്റെ വിളംബരോത്സവമായി മാറി.
എംബസി കവാടത്തില്‍നിന്ന് റിയാദ് ടാക്കീസിന്റെ ചെണ്ടമേളം, ബീറ്റ്സ് ഓഫ് റിയാദിന്റെ നാസിക് ഡോള്‍ മേളം, ദേവിക നൃത്തകലാക്ഷേത്രത്തിന്റെ താലപ്പൊലി, സ്കൂള്‍ ബാന്‍ഡ് മേളം എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച് എംബസി അങ്കണത്തെ പ്രദക്ഷിണം ചെയ്ത പ്രവാസി പരിചയ് ഘോഷയാത്രയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. എംബസി ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ചടങ്ങില്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന് വാരാഘോഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്റ്റിയറിങ് കമ്മിറ്റിയംഗങ്ങളായ ശിഹാബ് കൊട്ടുകാടും സലീം മാഹിയും അംബാസഡറെ ബൊക്കെയും ഷാളും നല്കി ആദരിച്ചു. ഡിസിഎം അബു മാത്തന് ജോര്‍ജും ചടങ്ങില്‍ സംബന്ധിച്ചു.
വിവിധ സംസ്ഥാനങ്ങളുടെ കലാരൂപങ്ങള്‍ അരങ്ങേറി. ആദ്യം കേരളത്തിന്റെ കലാപരിപാടികളാണ് അവതരിപ്പിച്ചത്. അവിസ്മരണീയ പ്രകടനങ്ങളാണ് ഓരോ സംസ്ഥാനത്തെയും പ്രതിനിധാനം ചെയ്ത കലാസംഘങ്ങള്‍ കാഴ്ച വെച്ചത്. അതിശയിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഇതിഹാസമായ മഹാഭാരതത്തെ ആധാരമാക്കിയ നൃത്ത നാടകവും അരങ്ങേറി.
കുഞ്ഞുമുഹമ്മദ് കലാക്ഷേത്രയുടെ നുപുര നൃത്തകലാവേദിയുടെ കേരള നടനോത്സവം, രശ്മി വിനോദിന്റെ വൈദേഹി നൃത്ത വിദ്യാലയത്തിന്റെ രാവണ ജീവിത നാടകാവിഷ്കാരം, കുച്ചിപ്പുഡി, ബിന്ദു സാബുവിന്റെ നേതൃത്വത്തില്‍ നവ്യ ആര്‍ട്സ് സ്കൂളിന്റെ തിരുവാതിര, ഒപ്പന, മാര്‍ഗംകളി, സിന്ധു സോമെന്റ ദേവിക നൃത്തകലാക്ഷേത്രത്തിന്റെ മോഹിനിയാട്ടം, ദേവി സ്തുതി നൃത്തം, ഫെമിന്‍ നിസാറിന്റെ ക്ലാസിക്കല്‍ ഡാന്‍സ്, റീന കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ചിലങ്ക ഡാന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് സെമി ക്ലാസിക് ഡാന്‍സ്, വിഷ്ണുവിന്റെ നേതൃത്വത്തില്‍ റോക്ക് സ്റ്റാര്‍ ഗ്രൂപ്പ് കേരള നാടോടി നൃത്തം എന്നിവ അരങ്ങേറി.
തുടര്‍ന്ന് ദല്‍ഹി, യു.പി., ജമ്മുകശ്മീര്‍, ഹരിയാന, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളുടെ നാടോടി നൃത്തങ്ങളും സ്കിറ്റുകളും ഖവാലിയും അരങ്ങേറി. സ്റ്റിയറിങ് കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് സൈഗാം ഖാന് സ്വാഗതവും ശിഹാബ് കൊട്ടുകാട് നന്ദിയും പറഞ്ഞു.
![]()
