ദുബായ് : എഴുത്തുകാരനും പ്രസംഗകനും സാമൂഹിക പ്രവർത്തകനുമായ അജിത് കണ്ടല്ലൂരിന്റെ ചെറു കഥകളുടെ സമാഹാരമായ “ഇസബെല്ല” ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്നു.മാതൃഭൂമി പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത് കഥാകാരൻ സുഭാഷ് ചന്ദ്രനാണ്.കവറിലും താളുകളിലും വരയുടെ വിസ്മയം തീർത്തിരിക്കുന്നത് അശ്വതി ബൈജുവാണ്.
പത്ത് ചെറുകഥകളാണ് പുസ്തകത്തിലുള്ളത്. കഥാകാരൻ നടന്നു ശീലിച്ച കായംകുളത്തെ കണ്ടല്ലൂരിലെ നാട്ടുവഴികളിൽ നിന്ന് തുടങ്ങി സാമൂഹിക യാഥാർഥ്യങ്ങളും വികലമായ സമകാലിക നെറികേടുകളും പ്രണയവും വിരഹവും പ്രതികാരവും ജിജ്ഞാസകളും പ്രതിഷേധങ്ങളുമൊക്കെ നിറയുന്ന പുസ്തകം ഭൂഖണ്ഡങ്ങൾ ഭേദിച്ച് ലോകത്തിന്റെ വിവിധ ഇടങ്ങളെ അനാവരണം ചെയ്യുന്നു.ഭാഷയുടെ സുന്ദരമായ വിന്യാസത്തിലൂടെ വായനക്കാർക്ക് പുസ്തകത്തിൽ നിന്ന് വിട്ടു പോകാൻ കഴിയാത്ത ആത്മബന്ധം ഒരുക്കാൻ കഥാകാരന് കഴിയുന്നു എന്നത് ചെറിയ കാര്യമല്ല.
നവംബർ 10 ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലാണ് പ്രകാശന ചടങ്ങുകൾ സംഘടിപ്പിചിരിക്കുന്നത്.
കായംകുളം എം എസ എം കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ അജിത് കണ്ടല്ലൂർ പ്രവാസലോകത്ത് സാമൂഹിക സാംസ്ക്കാരിക രംഗത്ത് സജീവ സാന്നിധ്യമാണ്.
ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി അബുദാബി ബ്രാഞ്ചിലെ ജീവനക്കാരനാണ് അജിത്.ഭാര്യ റൈന അജിത് അദ്ധ്യാപികയാണ്. മക്കൾ ആഘോഷും അക്ഷരയും.
![]()
