തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്.
നാളെ മുതൽ കേരളത്തിൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ജൂലൈ മൂന്ന് തിങ്കളാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടുണ്ട്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
![]()
