അബുദാബി: പ്രവാസി വോട്ട്, വിമാനയാത്രക്കൂലി വര്‍ധന മുഖ്യഅജണ്ടയാക്കി ഡിസംബര്‍ 5 ന് വൈകുന്നേരം 6 മണിക്ക് ഡല്‍ഹി കോണ്‍സ്റ്റിറ്റിയുഷന്‍ ക്ലബ്ബ് ഹാളില്‍ സംഘടിപ്പിക്കുന്ന ഡയസ്പോറയുടെ പ്രഖ്യാപന-പ്രചാരണ കണ്വെന്ഷന് അബുദാബിയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്തു.
രാജ്യത്തിന്റെ സമ്പത് വ്യവസ്ഥ ഉലയാതെ പിടിച്ചുനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന പ്രവാസി സമൂഹം വിമാനടിക്കറ്റ് നിരക്കിന്റെ പേരില്‍ വേട്ടയാടപ്പെടുന്നത് നീതീകരിക്കാനാവുന്നതല്ലെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പ്രവാസികള്‍ ഓരോ രാജ്യത്തിന്റെയും നട്ടെല്ലാണ്. ജീവിതം തേടി രാജ്യം വിടുന്ന ഓരോ പ്രവാസിയുടെയും അകത്തളങ്ങളില്‍ ജനിച്ച നാടും ബന്ധുമിത്രാദികളും നിറഞ്ഞുനില്‍ക്കുന്നുണ്ടാവും. വര്‍ഷത്തിലൊരിക്കല്‍ നാടണയാനുള്ള അവരുടെ ആഗ്രഹത്തെ വിമാനക്കമ്പനികള്‍ ചൂഷണം ചെയ്യുന്നത്.അന്യായമായ കാഴ്ചയാണെന്നും തങ്ങള്‍ പറഞ്ഞു.ഡയസ്പോറ സമ്മിറ്റിന്റെ പ്രചാരണ പോസ്റ്റര്‍ പ്രകാശനം മുനവ്വറലിതങ്ങളും കോവളം എംഎല്‍എ എം.വിന്‍സന്റും ചേര്‍ന്ന് നിര്‍വഹിച്ചു. സീസണ് കാലത്ത് അമിതമായ വിമാന ടിക്കറ്റ് നിരക്ക് ഈടാക്കി പ്രവാസികളെ കൊള്ളയടിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന് എ എം.വിന്‍സന്റ് എം എൽ എ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു.അബുദാബി-ഡല്‍ഹി കെഎംസിസികളുടെ നേതൃത്വത്തില്‍ യുഎഇയിലെ മുപ്പതിലധികം പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് സമ്മിറ്റ് നടക്കുന്നത്. ഡയസ്പോറ സമ്മിറ്റില്‍ എംപിമാരും മന്ത്രിമാരും പങ്കെടുക്കും.
![]()
