കർക്കടകം
സുൽഫി ഓയൂർ
“പൊട്ടി പുറത്ത്
ശീവോതി അകത്ത് ”
ചപ്പും ചവറുമെല്ലാം
അടിച്ചു വാരി പുറത്തേക്ക് …
പഴം മുറവും
കുറ്റിച്ചൂലും കളഞ്ഞ്
പുതിയതെടുക്കുന്നവർ !
മൂധേവിയെ ഒഴിവാക്കി
ശ്രീദേവിയെ കുടിയിരുത്തും മാസം
കാറൊഴിഞ്ഞു തിമിർത്ത് പെയ്യുന്നുണ്ട് …
കള്ളകർക്കടകം ആടിത്തിമിർക്കുന്നുണ്ട് …!
വേദനയോടെ വേര്‍പെട്ട
പിതൃക്കളുടെ ആത്മശാന്തിക്കായി
തർപ്പണത്തീയതി …!
ഓർമ്മപ്പെടുത്തലായി വരുന്ന മാസം …!
കോരിച്ചൊരിയുന്ന മഴ നിമിത്തം
പണിക്കു പോവാനാവാതെ
പഞ്ഞവും പട്ടിണിയുമായി
ഒടുങ്ങുന്ന മാസം കർക്കടകം !
മദ്യവും മാംസവും കൊഴുപ്പും
സേവിച്ചു മടുത്തവർ
സുഖചികിത്സക്കായി ഒരുങ്ങുന്ന
മാസമാം കർക്കടകം …!
വ്യഥകളും വ്യാധിയുമായി വന്നു
വൃദ്ധജനങ്ങളെ വാനപ്രസ്തക്കാരെയും
മരണത്തിന് മഞ്ചലേറ്റുന്ന മാസം !
വരാനിരിക്കുന്ന സമൃദ്ധി തൻ മാസമാം ചിങ്ങത്തിന്
അഴക് കൂട്ടാൻ കരിവാരിത്തേച്ചും
കരിക്കാടി കുടിച്ചും കൊള്ളരുതാത്ത മാസമായി
ഒതുങ്ങിക്കൂടുന്ന മാസം കർക്കടകം!
![]()
