റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന ഏഴാമത് മെഗാ രക്തദാന ക്യാമ്പ് ‘ജീവസ്പന്ദനം2024’ വെള്ളിയാഴ്ച ( 24-05-2024) നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.മലാസ് ലുലു ഹൈപ്പർ മാർക്കറ്റിൽ നടത്തുന്ന ക്യാമ്പ് രാവിലെ എട്ട് മണിക്ക് ആരംഭിച്ചു വൈകിട്ട് 5 മണി വരെ നീണ്ടു നിൽക്കും.
കഴിഞ്ഞ ആറ് തവണയും
കേളിയും സൗദി ആരോഗ്യ മന്ത്രാലയവും കൈകർത്താണ് ക്യാമ്പ് നടത്തിയിരുന്നത്.
ഇത്തവണ ആരോഗ്യ മന്ത്രാലയത്തിന് പുറമെ കിംഗ് സല്മാന് മിലിട്ടറി ആശുപത്രിയും, കേളിയോടൊപ്പം കൈകോർക്കുന്നു എന്ന പ്രത്യേകതയും ഈ ക്യാമ്പിനുണ്ട്.
1007 പേർ ദാതാക്കളായ ആറാമത് ക്യാമ്പിന്റെ ഖ്യാതിയാണ് മിലിട്ടറി ആശുപത്രിയെ കേളിയോടൊപ്പം കൈകോർക്കാൻ പ്രേരിപ്പിച്ചത്.
ലുലു ഹൈപ്പർ മാർക്കറ്റാണ് ഇത്തവണയും ക്യാമ്പിനുള്ള പശ്ചാത്തല സൗകര്യം ഒരുക്കുന്നത്. തുടർച്ചയായി മുന്നാം തവണയാണ് ലുലു ഹൈപ്പർമാർക്കറ്റ് കേളി രക്തദാന ക്യാമ്പുമായി സഹകരിക്കുന്നത്.
കേളി കലാസാംസ്കാരിക വേദിയുടെ രൂപീകരണ കാലഘട്ടം മുതൽക്കുതന്നെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ട് നിരവധി ഘട്ടങ്ങളിൽ വിവിധ ആശുപത്രികളെ കേന്ദ്രീകരിച്ച് കേളി കൂട്ടമായും, വ്യക്തിഗതമായും രക്തദാനം നടത്തിവരുന്നുണ്ട്. എന്നാൽ തുടർച്ചയായി കഴിഞ്ഞ ആറു വർഷങ്ങളിൽ സൗദി ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടതനുസനുസരിച്ച് ഹജ്ജിന് മുന്നോടിയായി രക്തം ശേഖരിക്കുന്നതിനായാണ് മെഗാ രക്തദാന ക്യാമ്പ് നടത്തിവരുന്നത്. ക്യാമ്പിനു ശേഷവും വിവിധ ഘട്ടങ്ങളിൽ കേളി പ്രവർത്തകർ രക്തദാനം ചെയ്തു വരുന്നു. വാർഷിക ക്യാമ്പിനു പുറമെ വർഷത്തിൽ 250 യൂണിറ്റിൽ കുറയാത്ത രക്തദാനം കേളിയുടെ 12 എരിയകളിലായി നടക്കാറുണ്ട്. അതിനായി ജീവകാരുണ്യ കമ്മറ്റിയുടെ കീഴിൽ ഒരു രക്തദാന സെൽ പ്രത്യേകമായി പ്രവർത്തിക്കുന്നു.
ഈ വർഷവും ഹജ്ജിന് മുന്നോടിയായി ആരോഗ്യ മന്ത്രാലയവും, കിംഗ് സല്മാന് മിലിട്ടറി ആശുപത്രിയും രക്തം ആവശ്യപ്പെട്ടതനുസരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ആറാമത് ക്യാമ്പിനു മുമ്പ് വരെ വര്‍ഷങ്ങളില്‍ 600 മുതൽ 850 വരെ യൂണിറ്റ് രക്തമാണ് ഓരോ ക്യാമ്പിലും നൽകിയിട്ടുള്ളത്. ജീവസ്പന്ദനം2023ല്‍ 1150 പേർ രക്തം ദാനം ചെയ്യുന്നതിനായി ക്യാമ്പിൽ എത്തി. വിവിധ കാരണങ്ങളാൽ 143 പേരുടെ രക്തം സ്വീകരിക്കാൻ കഴിഞ്ഞില്ല. 1007 യുണിറ്റ് രക്തം നൽകാനായി. ഒരു പ്രവാസി സംഘടന 8 മണിക്കൂറിനുള്ളിൽ 1007 യൂണിറ്റ് രക്തം നൽകുന്നത് സൗദി അറേബ്യയിലെതന്നെ ചരിത്ര നേട്ടമാണ്. നാളിതുവരെ കേളി ഏകദേശം 8500 യൂണിറ്റിൽ അധികം രക്തം വിവിധ ഘട്ടങ്ങളിലായി നൽകിയിട്ടുണ്ട്.
ക്യാമ്പിന്റെ വിജയത്തിനായി മധു പട്ടാമ്പി ചെയർമാൻ, അനില്‍ അറക്കല്‍ വൈസ് ചെയർമാൻ , നസീര്‍ മുള്ളുര്‍ക്കര കൺവീനർ , നാസര്‍ പൊന്നാനി ജോയിന്റ് കൺവീനർ, എന്നിവരടങ്ങുന്ന101 അംഗ സംഘാടക സമിതി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. മുൻ വർഷങ്ങളിൽനിന്നും വിഭിന്നമായി ഈ വർഷം രജിസ്ട്രേഷൻ സുഗമമാക്കുന്നതിന്ന് ഗൂഗിൾ രജിസ്ട്രേഷൻ നേരത്തെ തന്നെ ആരംഭിച്ചു. ഇതുവരെ 850ൽ പരം പേർ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്തു.
കേളിയുടെയും കേളി കുടുംബ വേദിയുടെയും പ്രവർത്തകർക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാരും , പ്രവാസികളായ വിവിധ രാജ്യക്കാരും സൗദി പൗരന്മാരും കേളിയുടെ രക്തദാനത്തിൽ പങ്കാളികളാവാറുണ്ട്. രക്തദാനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
ചെയർമാൻ മധു പട്ടാമ്പി 053 624 0020
കൺവീനർ നസീര്‍ മുള്ളുര്‍ക്കര 0540010163
എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
വാർത്തസമ്മേനത്തിൽ കേളി കേന്ദ്ര രക്ഷധികാരി സെക്രട്ടറി കെ പി എം സാദിഖ്,
കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ,
സെക്രട്ടറി സുരേഷ് കണ്ണപുരം,ട്രഷറർ ജോസഫ് ഷാജി,
സംഘാടക സമിതി ചെയർമാൻ മധു പട്ടാമ്പി,
കൺവീനർ നസീര്‍ മുള്ളുര്‍ക്കര എന്നിവർ പങ്കെടുത്തു.
![]()
