കുവൈറ്റ് സിറ്റി: ഒ.ഐ.സി.സി ഭാരവാഹികളാവുന്നവർ മറ്റു സംഘടനകളിൽ മുഖ്യ പദവികൾ വഹിക്കുന്നത് അനുവദിക്കില്ലെന്ന കെ.പി.സി.സി യുടെ പ്രഖ്യാപിത നിലപാട് കുവൈറ്റിലും പൂർണ്ണമായി നടപ്പാക്കുമെന്ന് കുവൈറ്റ് ഒ.ഐ.സി.സി യുടെ ചുമതലയുള്ള കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. ബി. എ. അബ്ദുൽ മുത്തലിബ് പത്ര സമ്മേളനത്തിൽ അറിയിച്ചു.
പ്രവാസികളുടെ വർത്തമാനകാല പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി കേരളത്തിൽ വിപുലമായ പ്രവാസി സംഗമം സംഘടിപ്പിക്കുമെന്നും മൂന്നു ലോക കേരള സഭാ മാമാങ്കങ്ങൾ നടത്തിയിട്ടും പ്രഥമ ലോക കേരള സഭയിൽ ഉന്നയിക്കപ്പെട്ട ഒരു പ്രശ്നത്തിന് പോലും പരിഹാരം ആയിട്ടില്ല. ഈ സാഹചര്യത്തിൽ ലോകമെങ്ങുമുള്ള പ്രവാസികളുടെ വർത്തമാന കാല പ്രശ്നങ്ങൾ മനസ്സിലാക്കി അവക്ക് പ്രവാസി സമൂഹത്തിന്റെ അംഗീകാരത്തോടെയുള്ള പരിഹാര നിർദ്ദേശങ്ങൾ ചർച്ച ചെയ്യുകയും ആണ് പ്രസ്തുത പ്രവാസി സംഗമം കൊണ്ട് ഉദ്ദേശിക്കുന്നത് – അദ്ദേഹം വിശദീകരിച്ചു.
കുവൈറ്റിൽ ഒ.ഐ.സി.സി പ്രസ്ഥാനത്തിന്റെ സംഘടനാപരമായ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം വിലയിരുത്തുന്നതിന് വേണ്ടിയാണ് അഡ്വ. അബ്ദുൽ മുത്തലിബ് കഴിഞ്ഞ ദിവസം കുവൈറ്റിൽ എത്തിച്ചേർന്നത്. ഒ.ഐ.സി.സി നാഷണൽ കമ്മിറ്റിയും ആയുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം നിലവിലുള്ള 14 ജില്ലാ കമ്മിറ്റി ഭാരവാഹികളുമായും അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ച കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. ഒ.ഐ.സി.സി യുടെ കുവൈറ്റിലെ സംഘടനാ പ്രവർത്തനം മറ്റു രാജ്യങ്ങളിലെ കമ്മറ്റികൾക്ക് മാതൃകാപരമെന്നു പറഞ്ഞു.
കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. ബി എ അബ്ദുൽ മുത്തലിബിന്റെ സന്ദർശനത്തോടെ അനുബന്ധിച്ച് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അദ്ദേഹത്തിന് പുറമെ ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങരയും സംഘടനാ ചുമതലയുള്ള ജന. സെക്രട്ടറി ബി .എസ് .പിള്ളയും സന്നിഹിതരായിരുന്നു. കുവൈറ്റിലെ ഒ.ഐ.സി.സി ജില്ലാ – നാഷണൽ കമ്മിറ്റികളുടെ പുനഃ സംഘടനാ രണ്ടു മാസത്തിനകം പൂർത്തീകരിക്കും. കേരളത്തിലെ ഇരുപത് ലോകസഭാ മണ്ഡലങ്ങളിലും യു .ഡി .എഫ് അനായാസ വിജയം നേടുമെന്ന് അദ്ദേഹം ഒരു ചോദ്യത്തിനു ഉത്തരമായി പറഞ്ഞു.
![]()
