ദോഹ : ഖത്തർ കൊട്ടാരക്കര പ്രവാസി അസോസിയേഷൻ കെഫാഖിന്റെ (കെഫാഖ് ) അഞ്ചാമത് വാർഷികം ‘കിരണം 2024’ ദോഹ ഇന്ത്യൻ കൾച്ചറൽ സെന്റർ അശോക ഹാളിൽ വെച്ചു വിപുലമായ രീതിയിൽ നടന്നു.
പ്രശസ്ത സിനിമാ താരങ്ങളും, കൊട്ടാരക്കര ശ്രീധരന്‍നായരുടെ ചെറുമകനുമായ വിനു മോഹനും ഭാര്യ വിദ്യ വിനു മോഹനും മുഖ്യ അതിഥികൾ ആയിരുന്നു.
കെഫാഖ് പ്രസിഡന്റ് ബിജു കെ. ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ കൊട്ടാരക്കര സ്വദേശികളായ ഖത്തറിലെ പ്രമുഖ സംരംഭകനും പ്രവാസി ഭാരതി പുരസ്കാര ജേതാവുമായ ജോസ് ഫിലിപ്പിനെയും, വൈൽഡ് ഫോട്ടോഗ്രാഫി അന്തർ ദേശീയ അവാർഡ് ജേതാവ് വിഷ്ണു ഗോപാലിനെയും ആദരിച്ചു. ഐ.സി.സി സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഐ. എസ്. സി സെക്രട്ടറി പ്രദീപ് പിള്ള എന്നിവർ വാർഷിക ആഘോഷത്തിന് ആശംസകൾ അറിയിച്ചു.

പ്രശസ്ത റേഡിയോ അവതാരിക ആർ ജെ പാർവതി കല്യാണി വാർഷികാഘോഷ ചടങ്ങിന് അവതരണം നിർവഹിച്ചു. കെഫാഖ് ജനറൽ സെക്രട്ടറി ബിനേഷ് ബാബു, ട്രഷറർ അനിൽ കുമാർ, വൈസ് പ്രസിഡന്റ് ബിജു പി. ജോൺ, ജോയിന്റ് സെക്രട്ടറി സിബി മാത്യു, വനിതാ ഫോറം കൺവീനർ ആൻസി രാജീവ്, പ്രോഗ്രാം ജനറൽ കൺവീനേഴ്സ് ജോബിൻ പണിക്കർ, ജോജിൻ ജേക്കബ്, ജലാധരൻ അമ്പാടി, മറ്റു മാനേജിങ് കമ്മറ്റി അംഗങ്ങൾ, സബ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കെഫാഖിന്റെ നേതൃത്വത്തിൽ പുറത്തിറക്കുന്ന ‘പ്രയാണം’ സുവനീറിന്റെ പ്രകാശനം തദവസരത്തിൽ നിർവഹിച്ചു. സുവനീറിന്റെ ഭാഗമായി ഖത്തറിലെ പ്രവാസികൾക്കായി സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിലെ വിജയികളെയും വിധികര്‍ത്താക്കളെയും ചടങ്ങിൽ ആദരിച്ചു.
ഖത്തറിലെ പ്രശസ്തരായ കലാകാരന്മാരും കെഫാഖ് അംഗങ്ങളും അവതരിപ്പിച്ച ചെണ്ടമേളം, നൃത്ത നൃത്ത്യങ്ങൾ ,സംഗീതനിശ എന്നിവ സഹൃദയശ്രദ്ധ നേടി.
ഈദിനോടനുബന്ധിച്ച് കെഫാഖിന്റെ നേതൃത്വത്തിൽ നടന്ന ക്രിക്കറ്റ് ലീഗ് മത്സര വിജയികൾക്കുള്ള സമ്മാനദാനം നടത്തുകയും ചെയ്തു.
![]()
