ദോഹ: ദോഹ എക്സ്പോ 2023 ന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കെ.എം.സി.സി. ഖത്തർ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ എക്സ്പോ ഇൻറ്റർനാഷണൽ സോണിൽ നടത്തിയ പരേഡ് വിവിധ സാംസ്കാരിക കലകളുടെ പ്രകടനം കൊണ്ടും ബഹുജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ആറ് മാസം നീണ്ട് നിന്ന എക്സ്പോയുടെ സമാപനത്തോടനുബന്ധിച്ചാണ് വിവിധ കമ്യൂണിറ്റികളുടെ നേതൃത്വത്തിൽ പരേഡുകൾ സംഘടിപ്പിക്കപ്പെടുന്നത്.
പരിസ്ഥിതി സൗഹൃദ സന്ദേശമുയർത്തി കെ.എം.സി.സി. ഖത്തർ വിദ്യാർത്ഥി വിഭാഗമായ ഗ്രീൻ ടീൻസ് അവതരിപ്പിച്ച പ്ലക്കാർഡ് പ്രകടനം, വിദ്യാർത്ഥികളുടെ സ്കൈറ്റിങ് അഭ്യാസം, കാസർകോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിയ കളരിപ്പയറ്റ്, കോൽക്കളി, ദഫ് കളി, മുട്ടിപ്പാട്ട്, ചെണ്ടമേളം, മറ്റു കലാ പ്രകടനങ്ങൾ, പ്രഫഷണൽ ഫോറം ഒരുക്കിയ ഹൈഡ്രോ പോണിക്സ് ഫാർമിംഗ് സിസ്റ്റം പ്രദർശനം എന്നിവ പരേഡ് മികവുറ്റതാക്കി. കെ.എം.സി.സി. ഖത്തർ വനിതാ വിംഗിന്റെ നേതൃത്വത്തിൽ സ്ത്രീകളും കുടുംബങ്ങളും കുട്ടികളുമടക്കം അണി നിരന്ന് വർണാഭമായ അനുഭവമാണ് പരേഡ് എക്സ്പോ നഗരിക്ക് സമ്മാനിച്ചത്.
കെ.എം.സി.സി. ഖത്തർ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ്, ജനറൽ സെക്രട്ടറി സലീം നാലകത്ത്, ഉപദേശക സമിതി വൈസ് ചെയർമാൻ അബ്ദുന്നാസർ നാച്ചി, സംസ്ഥാന ഭാരവാഹികളായ കെ മുഹമ്മദ് ഈസ, ആദം കുഞ്ഞി, പി.കെ അബ്ദു റഹീം, ടി.ടി.കെ ബഷീർ അബൂബക്കർ പുതുക്കുടി സിദ്ദീഖ് വാഴക്കാട്, അജ്മൽ നബീൽ, അശ്റഫ് ആറളം, താഹിർ താഹാ കുട്ടി, വി.ടി.എം. സ്വാദിഖ്, സൽമാൻ എളയടം, ഷമീർ പട്ടാമ്പി, ഫൈസല്‍ മാസ്റ്റർ കേളോത്ത്, ശംസുദ്ദീന്‍ വാണിമേല്‍, വിവിധ സബ്കമ്മറ്റി, ജില്ലാ, മണ്ഡലം, ഏരിയ, പഞ്ചായത്ത്, മുനിസിപ്പൽ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
![]()
