ജിദ്ദ: കേരള സര്ക്കാരിൻറെ സാംസ്കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻറെ സൗദിഅറേബ്യ ചാപ്റ്ററിലെ അധ്യാപകർക്കായി വെർച്വൽ അധ്യാപക പരിശീലനം സംഘടിപ്പിച്ചു. പ്രശസ്ത കവിയും മലയാളം മിഷൻ രജിസ്ട്രാറുമായ വിനോദ് വൈശാഖി പരിശീലന പരിപാടി ഉദഘാടനം ചെയ്തു.മലയാളം മിഷൻ സൗദി ചാപ്റ്റർ പ്രസിഡൻറ് പ്രദീപ് കൊട്ടിയം അധ്യക്ഷത വഹിച്ചു.
മാതൃഭാഷാ പഠനത്തിന്റെ സാമ്പ്രദായിക രീതികളിൽ നിന്ന് വ്യത്യസ്തമായി മാതൃ ഭാഷാ പഠനത്തിൽ ഏറ്റവും ആധുനികവും ശാസ്ത്രീയവുമായ പഠനബോധന രീതിയാണ് മലയാളം മിഷൻ പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളെ സ്വന്തം ജീവിതാനുഭവങ്ങളും ചുറ്റുപാടുകളുമായി ബന്ധപ്പെടുത്തി അവരുടെ ജന്മസിദ്ധമായ ചിന്താശേഷികളും ഭാഷാപഠനശേഷികളും വികസിപ്പിച്ച് ഭാഷാപഠനം രസകരവും സർഗാത്മകവുമാക്കുന്ന തരത്തിലാണ് മലയാളം മിഷൻറെ പാഠ്യപദ്ധതി രൂപപ്പെടു ത്തിയിട്ടുള്ളത്.
വിദഗ്ധ പരിശീലകനും മലയാളം മിഷൻ ഭാഷാ അധ്യാപകനുമായ ടി.സതീഷ് കുമാർ പരിശീലന പരിപാടിയ്ക്ക് നേതൃത്വം നൽകി.
മലയാളം മിഷൻ ചാപ്റ്റർ സെക്രട്ടറി താഹ കൊല്ലേത്ത്, വിദഗ്ധ സമിതി ചെയർ പേഴ്സൺ ഷാഹിദ ഷാനവാസ്, ചാപ്റ്റർ വൈസ് പ്രസിഡൻറ് മാത്യു തോമസ് നെല്ലുവേലിൽ എന്നിവർ സംസാരിച്ചു. പരിശീലന പരിപാടിയിൽ പങ്കെടുത്ത അധ്യാപകരുടെ സർഗാത്മക രചനകളുടെ സംവാദത്തിൽ ഡോ. രമേശ് മൂച്ചിക്കൽ, ജയകുമാർ അന്തിപ്പുഴ, അനുജ രാജേഷ്, ഇഖ്ബാൽ വെളിയങ്കോട്, ഷിഫാന, പ്രവിത, സുമിയ, റസിയ എന്നിവർ പങ്കെടുത്തു. വിദഗ്ധ സമിതി അംഗങ്ങളായ ലീന കോടിയത്ത്, സീബ കൂവോട്, നിഷ നൗഫൽ, സാജിദ മുഹമ്മദാലി, മേഖലാ കോ-ഓർഡിനേറ്റർ ജുനൈസ് പി.കെ,ഷാജഹാൻ കളത്തിൽ, കെ.ഉണ്ണിക്കൃഷ്ണൻ, കെ.പി. സജിത്ത് എന്നിവർ നേതൃത്വം നൽകി. പരിശീലന പരിപാടിയിൽ സൗദിയിലെ വിവിധ മേഖലകളിൽ നിന്ന് രജിസ്റ്റർ ചെയ്ത എഴുപതോളം അദ്ധ്യാപകർ പങ്കെടുത്തു.
മലയാളം മിഷൻ സൗദി ചാപ്റ്ററിനു കീഴിൽ ജിദ്ദ, റിയാദ്, ദമ്മാം, ജിസാൻ, തബൂക്ക്, അൽഖസിം, അബഹ, നജ്റാൻ, അറാർ എന്നീ മേഖലകളാണ് നിലവിലുള്ളത്. മലയാളം മിഷൻ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപകമാകുന്നതിനായി സൗദിയിലെ എല്ലാ പ്രവിശ്യകളിലും മുഴുവൻ പ്രവാസി സംഘടകളുടെയും പങ്കാളിത്തത്തോടെ മേഖലാകമ്മിറ്റികൾ രൂപീകരിക്കുമെന്നും രണ്ടാം ഘട്ട അധ്യാപക പരിശീലനം ഏപ്രിൽ അവസാനം നടത്തുമെന്നും ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു. ‘
മലയാളം മിഷൻറെ ഭാഷാപ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ താൽപര്യമുള്ള പ്രവാസികളും സംഘടനകളും 0508716292 , 0509244982 എന്നീ നമ്പറുകളിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
![]()
