ദോഹ : ഗൾഫ്മാധ്യമം ഖത്തർ സംഘടിപ്പിച്ച ‘എജുകഫേ’യിൽ പങ്കെടുക്കാനായി ദോഹയിലെത്തിയ കേരള ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും വ്യവസായവകുപ്പ് അഡീഷണൽ സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ് ഹനീഷ് ഐ എ എസ് ന് ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം സ്വീകരണം നൽകി.എഴുത്തുകാരന്റെ സർഗസിദ്ധിയിലൂടെ ജനിച്ചുവീഴുന്ന അക്ഷരക്കൂട്ടുകൾ സമൂഹം ഏറ്റെടുക്കുകയും ആവർത്തിച്ച് വായിക്കുകയും ചെയ്യുന്നതിലൂടെ സംസ്കാരം പ്രോജ്ജ്വലമാവുകയും എഴുത്തുകാരന് അനശ്വരത കൈവരികയും ചെയ്യുന്നുവെന്ന്
‘എഴുത്തിലെ നിഷ്പക്ഷതയും കാണാപ്പുറങ്ങളും’ എന്ന വിഷയം അദ്ദേഹം അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.എഴുതിയ പുസ്തകങ്ങളുടേയും പേജുകളുടെയും എണ്ണ-വണ്ണങ്ങൾക്കുപരി ഉള്ളടക്കത്തിന്റെ കരുത്തും കാതലും സൗന്ദര്യവുമാണ് എഴുത്തുകാരനും കൃതിശിൽപ്പത്തിനും അനശ്വരതയേകുന്നത്. അതിന് ചിലപ്പോൾ നാലു വരി കവിത മാത്രം മതിയാവുമെന്നും എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.
ഖിയാഫ് പ്രസിഡൻറ് ഡോ. സാബു കെ.സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജന. സെക്രട്ടറി ഹുസൈൻ കടന്നമണ്ണ സ്വാഗതം പറഞ്ഞു. ഖിയാഫ് അംഗങ്ങളുടെ ചോദ്യോത്തരങ്ങൾക്ക് ശേഷം വൈസ് പ്രസിഡൻറ് ശ്രീകല ഗോപിനാഥ് ചർച്ച ഉപസംഹരിച്ചു.
![]()
