ദമ്മാം: വരുന്ന ലോക്സഭാ പൊതു തിരഞ്ഞെടുപ്പിനു മുന്നേ സംഘ്പരിവാർ രാഷ്ട്രീയത്തിനെതിരെ മുഴുവൻ മതനിരപേക്ഷ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി കൂടുതൽ കൃത്യതയും വിശാലതയുമുള്ള രാഷ്ട്രീയ മുന്നേറ്റം അനിവാര്യമാണെന്ന് വെൽഫെയർപാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ ഷഫീഖ് അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിന് മുന്നേ പ്രീ-പോളിംഗ് അലയൻസ് രൂപപ്പെടുത്തേണ്ടതുണ്ട് എന്നും, തെരെഞ്ഞെടുപ്പിനു ശേഷം തട്ടിക്കൂട്ടി മുന്നണി ഉണ്ടാക്കി ഭരണത്തിൽ കയറാം എന്നുള്ളത് വ്യാമോഹം മാത്രമാണെന്ന് 2019 ലെ തെരെഞ്ഞെടുപ്പു റിസൾട്ട് നമ്മെ ബോധ്യപെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. ദമ്മാമിൽ പ്രവാസി വെൽഫെയർ റീജിയണൽ കമ്മിറ്റി സംഘടിപ്പിച്ച ഇനിഷ്യെറ്റീവ് 2023 ന്റെ ഭാഗമായി നടന്ന പാർട്ടി കേഡർ മീറ്റിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ജനതയെ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയം ആഴത്തിൽ സ്വാധീനിച്ചിരിക്കുന്നു. ഇതിനെ കേവല തെരെഞ്ഞെടുപ്പ് സംഘാടനം കൊണ്ട് മാത്രം പ്രതിരോധിക്കാൻ സാധിക്കുമെന്ന ഉപരിപ്ലവമായ രാഷ്ട്രീയ സമീപനം ഒരിക്കലും പരിഹാരമല്ല. സമൂഹത്തിൽ സംഘ്പരിവാർ സ്ഥാപിച്ചെടുത്തുകൊണ്ടിരിക്കുന്ന വംശീയതയിൽ അധിഷ്ഠിതമായ സാമൂഹ്യഘടനയെ പ്രതിരോധിക്കാനുള്ള ആലോചനയും പരിശ്രമവും ആണ് ഉയർന്നു വരേണ്ടത്. മൃദു ഹിന്ദുത്വ സമീപനം കൊണ്ട് ഒരിക്കലും സംഘപരിവാറിനെ പരാജയപെടുത്താനാവില്ല, മൃദു ഹിന്ദുത്വം ഉപേക്ഷിച്ചു കൃത്യമായ രാഷ്ട്രീയ പ്രതിരോധം സൃഷ്ടിച്ചപ്പോഴാണ് കർണാടകയിൽ ബിജെപി യെ പരാജയപെടുത്താനായത് എന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രവാസി വെൽഫെയർ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുറഹീം തിരൂർക്കാട് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ മുഹ്സിൻ ആറ്റാശ്ശേരി സ്വാഗതവും ജനറൽ സെക്രട്ടറി ബിജു പൂതക്കുളം നന്ദിയും പറഞ്ഞു.ഷബീർ ചാത്തമംഗലം,സമീഉള്ള, സുനില സലിം, ജംഷാദ് അലി, ഫൈസൽ കുറ്റ്യാടി എന്നിവർ സംബന്ധിച്ചു. വേദിയിൽ കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി, ഫാത്തിമ ഹാഷിം,റഊഫ് ചാവക്കാട് , തന്സിം കണ്ണൂർ , അബ്ദുല്ല സൈഫുദ്ദിൻ, സാദത് കോഴിക്കോട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
![]()
