റിയാദ്: റിയാദിലെ പ്രവാസി മലയാളി വനിതകൾക്കായി വിവിധ ജോലി സാദ്ധ്യതകൾ പരിചയപ്പെടുത്താനും മികച്ച തൊഴിലവസരങ്ങൾ നേടിയെടുക്കാനുള്ള പരിശീലനം നൽകുന്നതിനുമായി കേരള എൻജിനീയേഴ്സ് ഫോറം റിയാദ് (കെ. ഇ. എഫ്) “ഷീ കണക്ട്” എന്ന പേരിൽ ജോബ് ഓറിയന്റേഷൻ സെഷൻ സംഘടിപ്പിച്ചു. സിന്ധു മാധവൻ (സീനിയർ മാനേജർ, ജേക്കബ്സ്), ഡോ. ആമിന സെറിൻ (ദല്ല ഹോസ്പിറ്റൽ), സംഗീത അനൂപ് (അൽ-യാസ്മിൻ സ്കൂൾ പ്രിൻസിപ്പൽ), ഷബ്ന നേച്ചിയെങ്കൽ (അറബ് ഇൻവെസ്റ്റേഴ്സ് ചോയ്സ് എം.ഡി) എന്നിവർ പരിപാടിയിൽ അതിഥികളായെത്തി. തൊഴിൽ അന്വേഷകരായ വനിതകൾക്കായി സ്വന്തം പ്രൊഫൈൽ ബ്രാൻഡ് ചെയ്ത് അതിലൂടെ ജോലി സാധ്യത വർധിപ്പിക്കേണ്ടതെങ്ങനെ എന്ന് സിന്ധു മാധവൻ വിശദീകരിച്ചു.

സൗദി അറേബ്യയിലെ വളർന്നു വരുന്ന മെഡിക്കൽ മേഖലകളിലെ സാധ്യതകളെ പറ്റിയും പുത്തൻ കോഴ്സുകളെ പറ്റിയും ആമിന വിവരിച്ചു. സംഗീത അനൂപ് പരിപാടിയിൽ അവരുടെ ജീവിത യാത്രയും അധ്യാപികയായി സമ്പാദിച്ച പരിചയങ്ങളും പങ്കുവെച്ചു. ഷബ്ന നേച്ചിയെങ്കിൽ തന്റെ ജീവിത യാത്രയെക്കുറിച്ച് വിവരിച്ചു. വിദ്യാഭ്യാസം, ജോലി മേഖലകൾ തുടങ്ങിയവയെ കുറിച്ചും അറബ് ഇന്‍വെസ്റ്റേഴ്സ് ഗ്രൂപ്പിന്റെ എം.ഡി.യായി വരവും അനുഭവങ്ങളും പങ്കുവെച്ചു.
ഒട്ടനവധി പ്രവാസി വനിതകൾ പങ്കെടുത്ത പരിപാടി വളരെ ഗുണകരമായിരുന്നുവെന്ന് പങ്കെടുത്തവർ അഭിപ്രായപെട്ടു . ഭാവിയിൽ ഇത്തരം പരിപാടികൾ കൂടുതൽ സംഘടിപ്പിക്കുമെന്ന് കെ.ഇ.എഫ് ഭാരവാഹികൾ അറിയിച്ചു.
![]()
