ദോഹ:കൂറ്റൻ ബലൂണുകൾ ഖത്തറിന്റെ ആകാശത്ത് വർണവിസ്മയങ്ങൾ തീർത്തുകൊണ്ട് നാലാമത് ഖത്തർ ബലൂൺ ഫെസ്റ്റിവലിന് ഡിസംബർ ഏഴിന് കതാറ കൾചറൽ വില്ലേജിൽ ഇന്ന് ഡിസംബർ ഏഴിന് തുടക്കമാവും.ബലൂൺ ഫെസ്റ്റിവൽ ഖത്തർ ദേശീയദിനമായ ഡിസംബർ 18 വരെ ഉണ്ടാവും.വ്യത്യസ്ത ആകൃതിയിലും നിറങ്ങളിലുമുള്ള അമ്പതിലധികം ഹോട്ട് എയർ ബലൂണുകളുടെ പ്രദർശനം, കുട്ടികൾക്കുള്ള ഗെയിമുകൾ,പ്രത്യേക ഫാമിലി ഏരിയ, രുചിവൈവിധ്യങ്ങളുടെ ഫുഡ് കോർട്ട്, അതിഥികൾക്കുള്ള വി.ഐ.പി മജ്ലിസ് തുടങ്ങിയവ ഫെസ്റ്റിവലിന്റെ സവിശേഷതയാണ്.എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കായി വൈവിധ്യമാർന്ന വിനോദ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
കാറ്റിന്റെ ദിശയ്ക്കും കാലാവസ്ഥക്കും അനുയോജ്യമായ രീതിയിൽ തലേദിവസം രാത്രി തീരുമാനിക്കുന്ന ഹോട്ട് എയർ ബലൂൺ ടേക് ഓഫ് സൂര്യോദയ സമയത്താണ് നടക്കുക. 50 ഹോട്ട് എയർ ബലൂണുകൾ ഒരേസമയം പറന്നുയരുന്നത് കാണാൻ ആഗ്രഹിക്കുന്നവർക്ക് ടേക് ഓഫ് ലൊക്കേഷൻ അറിയുന്നതിന്വേണ്ടി ഫെസ്റ്റിവലിന്റെ സോഷ്യൽ മീഡിയ പേജുകൾ ഇടക്കിടെ സന്ദർശിക്കാൻ കാണികളോട് സംഘാടകർ അഭ്യർത്ഥിച്ചു. കൂടാതെ പൊതുജനങ്ങളെ കൂടുതൽ ആകർഷിക്കുന്നതിന് 1000 ഹോട്ട് എയർ ബലൂൺ റൈഡ് ടിക്കറ്റുകൾ 499 റിയാലിന് സബ്സിഡി നിരക്കിൽ സംഘാടകർ വാഗ്ദാനം ചെയ്യുന്നുമുണ്ട്.
![]()
