ഷാര്‍ജ: മഷി അക്ഷരകൂട്ടായ്മയുടെ ആറാമത് പുസ്തകം “കഥ പറയുന്ന ഗ്രാമങ്ങൾ” നവംബർ 1 മുതൽ 12 വരെ നടക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ മൂന്നാം ദിനമായ നവംബർമൂന്ന് വെള്ളിയാഴ്ച വൈകിട്ട് 4.30 നാണ് പുസ്തക പ്രകാശനം ചെയ്യുന്നു.
മലയാളത്തിന് വളരെ അഭിമാനാർഹമായ കാര്യമാണ് ഷാർജ പുസ്തകമേളയിലെ മലയാളി സാഹിത്യസ്നേഹികളുടെയും എഴുത്തുകാരുടെയും സാന്നിധ്യം.
അവർക്കിടയിൽ ആശയം കൊണ്ടും രചനാമികവുകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ചചെയ്യപെടുകയും ചെയ്തിട്ടുള്ള “ലാൽബാഗ് എക്സ്പ്രസ്സ്” എന്ന 26 പേർ ചേർന്നെഴുതിയ നോവലിന് ശേഷം, ഗ്രാമം എന്ന ആശയത്തിൽ 27 പേരുടെ അനുഭവവും ഭാവനയും, കഥകളായും കവിതകളായും കോർത്തിണക്കിയാണ് ഇത്തവണ “കഥപറയുന്ന ഗ്രാമങ്ങൾ” പൂർത്തിയാക്കിയിരിക്കുന്നത്.
പ്രവാസികളുടെ ഗൃഹാതുരത്വത്തിന്റെ രുചിയും മണവും ഭംഗിയായി ഒപ്പിയെടുത്തിരിക്കുന്ന പുസ്തകമാണ് ഇത്. വളരെ ലളിതമായ ഭാഷയിലൂടെ പുസ്തകത്തിന്റെ ഓരോ താളിലും മഷിപടർത്താനായ് ഗ്രാമങ്ങളുടെ സുഗന്ധവും പേറി ഓർമ്മകളിലൂടെ അല്ലെങ്കിൽ ഭാവനയിലൂടെ യാത്രപോകുകയാണ് ഓരോ എഴുത്തുകാരനും.
പ്രവാസത്തിന്റെ ചൂടിലും തണുപ്പിലും ഒരുപോലെ വിയർക്കുന്ന പ്രവാസികളുടെ മനസ്സിന്റെ മരുപ്പച്ചയും, പ്രതീക്ഷയുമെല്ലാമാണ് സ്വന്തം നാടിനെക്കുറിച്ചുള്ള ഓർമ്മകൾ. ഇതിലെ ഓരോ കഥയും ആ ഓർമ്മകളിലേക്കുള്ള യാത്രകളാണ്. മഷി എഡിറ്റോറിയൽ കൃതികളുടെ സമാഹരണം ചെയ്തിരിക്കുന്നു. കൈരളി ബുക്സ് കണ്ണൂർ ആണ് പുസ്തകത്തിന്റെ പ്രസാധകർ.
![]()
