ദോഹ: ഇന്ത്യൻ പ്രവാസി സമൂഹം നേരിടുന്ന നിയമ പ്രയസങ്ങളും യാത്ര നിരക്കിന്റെ പ്രയാസങ്ങളും നേരിടാൻ നിയമരപരമായ മാർഗത്തിൽ പരിഹാരം കാണാനുള്ള ശ്രമങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുമെന്നും അതിന് മുസ്ലിം ലീഗ് നേതൃപരമായ ഇടപെടൽ നടത്താൻ പ്രതിജ്ഞാബദ്ധമാണെന്നും, പ്രവാസി വോട്ടവകാശം ഉൾപ്പടെയുള്ള നമ്മുടെ സ്വപ്ങ്ങൾ യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടെ തുടർന്നും നിർവഹിക്കുമെന്ന് മുസ്ലിംലീഗ് ദേശീയ വൈസ് പ്രസിഡണ്ട് സൈനുൽ ആബിദീൻ പ്രസ്താവിച്ചു. കഴിഞ്ഞ ദിവസം നിലവിൽ വന്ന പുതിയ ദേശീയ കമ്മിറ്റിയിൽ വൈസ് പ്രസിഡന്റായ ശേഷം ആദ്യമായി ഖത്തറിൽ എത്തിയ അദ്ദേഹത്തിന് കെഎംസിസി ഖത്തർ സംസ്ഥാന കമ്മറ്റി നൽകിയ സ്വീകരണത്തിന് മറുപടി പ്രസംഗം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ചെറുപ്പം മുതലുള്ള സുദീർഘമായ സംഘടനാ കാലങ്ങളെയും നേതാക്കളെയും അനുസ്മരിച്ച അദ്ദേഹം, പ്രവാസി സമൂഹത്തിന്റെ പ്രതിനിധിയായാണ് ഞാൻ നേതൃ നിരയിലേക്ക് പരിഗണിക്കപ്പെട്ടതെന്നും ആ മേഖലയിൽ ചെയ്യാനാകുന്ന പ്രവർത്തനങ്ങൾ നിർവഹിക്കുമെന്നും പാർട്ടി നേതാക്കളുടെയും കെഎംസിസി പ്രസ്ഥാനത്തിന്റെയും പിന്തുണയാണ് തന്റെ ഊർജമെന്നും അദ്ദേഹം പറഞ്ഞു. നാലര പതിറ്റാണ്ടിന്റെ ഖത്തർ പ്രവാസം കെഎംസിസിയുടെ വിവിധ സംഘടന തലങ്ങളിൽ പ്രവർത്തിക്കാനായതിന്റെ അംഗീകാരമായി കണക്കാക്കുകയാണെന്നും തന്റെ കർമ്മ മണ്ഡലത്തിലെ പ്രവർത്തകരും നേതാക്കളും നൽകുന്ന സ്വീകരണം ഏറെ ഹൃദ്യമാണെന്ന സന്തോഷം അദ്ദേഹം പങ്കു വെച്ചു.
മുസ്ലിം ലീഗ് പാർട്ടിയും നേതൃത്വവും പുതിയ കാലത്തേ വെല്ലുവിളികളെ നേരിടാനുള്ള വിപുലമായ പ്രവർത്തന പദ്ധതികളാണ് ലക്ഷ്യം വെക്കുന്നെതെന്നും, സമൂഹത്തിന്റെ എല്ലാ മേഖലയിൽ നിന്നുമുള്ള പ്രാതിനിധ്യത്തോടെ നിലവിൽ വന്ന കമ്മിറ്റി പരിചയ സമ്പന്നരായ നേതാക്കളുടെ മികവിൽ സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ എല്ലാ നിലയിലും നേരിടുമെന്നും ഇന്ത്യൻ മുസ്ലിം സമൂഹത്തിനും പിന്നാക്ക ന്യൂന പക്ഷത്തിനും വേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
തുമാമയിലെ കെഎംസിസി ആസ്ഥാനത്ത് വെച്ച് നടന്ന പരിപാടി പൊതുജന പങ്കാളിത്തം കൊണ്ടും പ്രൗഢമായ സദസ്സ് കൊണ്ടും മികവുറ്റതായി. വിവിധ ജില്ലാ കമ്മിറ്റികളും ഘടകങ്ങളും അദ്ദേഹത്തിന് ഉപഹാരങ്ങളും ഹാരാർപ്പണങ്ങളും നൽകി. കെഎംസിസി ഖത്തർ സംസ്ഥാന ഉപദേശക സമിതി ചെയർമാൻ എം പി ഷാഫി ഹാജി ഉദ്ഘാടനം നിർവഹിച്ചു. കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ അബ്ദു സമദ് അധ്യക്ഷത വഹിച്ചു. എസ്എഎം ബഷീർ, എപി അബ്ദുറഹ്മാൻ, പി കെ അബ്ദു റഹീം ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും ട്രഷറർ പി എസ് എം ഹുസൈൻ നന്ദിയും പറഞ്ഞു.
![]()
