ജിദ്ദ: കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി വനിത വിങ് ജിദ്ദ പൊതു സമൂഹത്തിലെ വനിതകളുടെ ഉന്നമനം ലക്ഷ്യം വെച്ച് സ്ത്രീപഥം എന്ന പേരില്‍ സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സെഷന് ജിദ്ദയിലെ വനിതകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പങ്കെടുത്ത ഓരോരുത്തര്‍ക്കും സ്വയം മനസ്സിലാക്കാനും തങ്ങളുടെ താല്പര്യ മേഖലയില്‍ സംരംഭകയാവുന്നതിന് വഴികാട്ടിയാവാനും ഈ സ്ത്രീപഥം പരിപാടി സഹായിച്ചു.
ഓരോ കുടുംബത്തിനെയും ലക്ഷ്യംവെച്ച് സംഘടിപ്പിച്ച പരിപാടി ആയതിനാല്‍ യുവപഥം എന്ന പേരില്‍ കുട്ടികള്‍ക്കായി ഒരു സ്വഭാവ രൂപീകരണം ശില്പശാലയും ഈ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു. പ്രമുഖ ട്രെയിനറും മോട്ടിവേറ്ററുമായ ഡോ: അബ്ദുസ്സലാം ഒമര്‍ വിവിധ പരിശീലന സെഷനുകള്‍ക്ക് നേതൃത്വം നല്കി. വനിതകള്‍ക്കിടയിലെ തുടക്കക്കാരായ ചെറിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഇത്തരം സാധ്യതകളെ നമ്മുടെ സഹോദരിമാര്‍ക്ക് പരിചയപ്പെടുതുകയെന്ന ഉദ്ദേശത്തോട് കൂടി നടത്തിയ വനിത ബസാര്‍ പരിപാടിയെ വര്‍ണാഭമാക്കി. പരിപാടിയില്‍ പങ്കെടുത്ത വനിതകള്‍ക്ക് സര്‍ബത്ത് മേക്കിങ് മത്സരവും നടത്തി. വളരെ വ്യത്യസ്തമായ രീതിയില്‍ ചേരുവകള്‍ തല്‍സമയം മത്സരാര്‍ത്ഥികള്‍ക്ക് നല്‍കിയാണ് മത്സരം സംഘടിപ്പിച്ചത്.
‘BEST OUT OF WASTE’ എന്ന പേരില്‍ പാഴ്വസ്തുക്കളില് നിന്നും കരകൗശലം തീര്‍ക്കുന്ന മത്സരവും നടത്തി. ഉപയോഗശൂന്യമെന്നു കരുതുന്ന ഓരോന്നിനെയും കൂടുതല്‍ മനസ്സിലാക്കി ഒന്ന് പോളിഷ് ചെയ്ത് വളരെ പ്രോഡക്ടിവായ ഒന്നാക്കി എങ്ങിനെ മാറ്റിയെടുക്കാം എന്നു വിളിച്ചോതിയ മത്സരമായി അതു മാറി.
ഇതൊനോടനുബന്ധിച്ച് നടന്ന പൊതു പരിപാടി സൗദി കെഎംസിസി നാഷണല്‍ കമ്മറ്റി ട്രഷറര്‍ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികളായ റസാഖ് മാസ്റ്റര്‍, വി പി മുസ്തഫ, ജലാല്‍ തേഞ്ഞിപ്പലം, സാബില്‍ മമ്പാട് തുടങ്ങിയവര്‍ സംസാരിച്ചു. ജിദ്ദ കെഎംസിസി വനിതാ വിങ് പ്രസിഡന്റ് മുംതാസ് പാലോളി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷമീല മൂസ സ്വാഗതവും ട്രഷറര്‍ ഖദീജത്തുല്‍ കുബ്ര നന്ദിയും പറഞ്ഞു.
![]()
